കീർത്തി വർധൻ സിംഗ്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കേരള നിയമസഭ പാസാക്കിയ കേരള വന്യ ജീവി സംരക്ഷണ ഭേദഗതി നിയമം കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം തള്ളി.
ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച ബിൽ രാഷ്ട്രപതി ഭവൻ ആഭ്യന്തര മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനും സമർപ്പിച്ചിരുന്നു .
ലോക്സഭയിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിംഗാണ് ബില്ലിന് അംഗീകാരമില്ലെന്ന കാര്യം അറിയിച്ചത് .
കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്യജിവി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വന്യജീവികളെ പരിപാലിക്കുന്നതും വന്യജീവി ആക്രമണം ലഘൂകരിക്കുന്നതും പ്രാഥമികമായി അതത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വത്തിൽപ്പെട്ടതാണെന്നുമാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്.
1972ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനായി ‘വന്യജീവി സംരക്ഷണ (കേരള ഭേദഗതി) ബിൽ, 2025’ മന്ത്രാലയത്തിന് ലഭിച്ചിരുന്നുവെന്ന് അറിയിച്ച കേന്ദ്രമന്ത്രി, എന്നാൽ നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകൾ മാറ്റം വരുത്തുന്നതിലുള്ള സാങ്കേതിക പ്രശ്നം മൂലം അംഗീകരിക്കുന്നില്ലെന്നാണ് അറിയിച്ചത്.
സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യജിവി ആക്രമണം പരിഹരിക്കുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ കേരള സർക്കാർ പാസാക്കിയ കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു അടൂർ പ്രകാശിന്റെ ചോദ്യം.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സാഹചര്യം അവലോകനം ചെയ്യുന്നതിനും ഒരു ദേശീയ പദ്ധതി തയാറാക്കുന്നതിനുമായി സംസ്ഥാന വനം മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
Tags : KeralaWildlifeProtectionAct SpecialRules Rejects Centre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash