കൊല്ലം: യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് കൊല്ലം - വിശാഖപട്ടണം - കൊല്ലം റൂട്ടിലെ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ സ്ഥിരപ്പെടുത്തി 18501/18502 സര്‍വീസുകള്‍ ഈമാസം 12 മുതല്‍ പുതിയ സമയക്രമമനുസരിച്ചുള്ള സ്ഥിരം സര്‍വീസ് ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
വിശാഖപട്ടണത്ത് നിന്നുള്ള ട്രെയിന്‍ (18501) 12 മുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും യാത്ര തിരിക്കും. കൊല്ലത്ത് നിന്നുള്ള മടക്കയാത്ര (18502) 13 മുതല്‍ എല്ലാ ബുധനാഴ്ചകളിലുമാകും. ആഴ്ചയിലൊരിക്കലുള്ള ഈ സര്‍വീസ് മേഖലയിലെ തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ഗുണകരമാകും.
അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
എസി ടൂ ടയര്‍ കോച്ച്- ഒന്ന്, എസി ത്രീ ടയര്‍ കോച്ച്- ഒന്ന്, 4 എസി ത്രീ ടയര്‍ ഇക്കോണമി കോച്ചുകള്‍- നാല്, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ - ആറ്, ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ -നാല്, ഭിന്നശേഷി സൗഹൃദമായ ഒരു സെക്കന്‍ഡ് ക്ലാസ് കോച്ച് എന്നിവയും രണ്ട് ബ്രേക്ക് വാനുകളും ഉണ്ടാകും.
സ്പെഷല്‍ ട്രെയിനായി ഓടിയിരുന്ന ഈ സര്‍വീസിന് ലഭിച്ച മികച്ച പ്രതികരണമാണ് ട്രെയിന്‍ സ്ഥിരപ്പെടുത്താന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ തിരക്കേറിയ ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യം ലഭ്യമാകും.
Tags : Kollam Visakhapatnam special train confirmed