കുട്ടിക്കാനം: പരിസ്ഥിതി മാനേജ്മെന്റിനെയും സുസ്ഥിരതാ രീതികളെയും വിലയിരുത്തുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുടെ ശ്രേണിയായ ഐഎസ്ഒ 14000 സീരീസിൽ ഉൾപ്പെടുന്ന സർട്ടിഫിക്കേഷനുകൾ കുട്ടിക്കാനം മരിയൻ കോളജ് ഓട്ടോണമസ് കരസ്ഥമാക്കി.
ഊർജക്ഷമത, ജലപരിപാലനം, പാരിസ്ഥിതിക ആഘാതം, കാർബണ് ബഹിർഗമനം തുടങ്ങി പരിസ്ഥിതി മാനേജ്മെന്റിന്റെ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎസ്ഒ 14001, ഐഎസ്ഒ 50001, ഐഎസ്ഒ 46001, ഐഎസ്ഒ 14046, ഐഎസ്ഒ 14067 എന്നീ സർട്ടിഫിക്കേഷനുകളാണ് ലഭിച്ചത്. കൂടാതെ, വിദ്യാർഥികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്ന ഐഎസ്ഒ 45001:2018 സർട്ടിഫിക്കേഷനും കോളജിന് ലഭിച്ചു.
പരിസ്ഥിതി ഓഡിറ്റുകൾക്കും സർട്ടിഫിക്കേഷൻ പ്രക്രിയകൾക്കുമായി അംഗീകാരമുള്ള ഐഎസ്ഒ സാക്ഷ്യപ്പെടുത്തിയ അക്രഡിറ്റേഷൻ ബോഡിയായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ആണ് കോളജിന്റെ ഗ്രീൻ ഓഡിറ്റ് നിർവഹിച്ചത്.
ഗ്രീൻ ഓഡിറ്റ് റിപ്പോർട്ടും ഐഎസ്ഒ സർട്ടിഫിക്കേഷനുകളും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ, കോളജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ആൻഡ് ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ജോബി സിറിയക് എന്നിവർക്ക് കൈമാറി. സുസ്ഥിര വികസന വിദഗ്ധൻ ഡോ. ടി. വി. മുരളീവല്ലഭൻ, ഗ്രീൻ ഓഡിറ്റ് കോഓർഡിനേറ്റർമാരായ ഡോ. സുസന്ന ഉമ്മൻ, ഡോ. ജൂബി ജോർജ് എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി സംരക്ഷണം, സുസ്ഥിര കാന്പസ് പരിപാലനം, സമഗ്ര സുസ്ഥിരതാ രീതികളുടെ പ്രോത്സാഹനം എന്നിവയോടുള്ള കോളജിന്റെ സമർപ്പണത്തിനുള്ള അംഗീകാരമാണ് ഈ നേട്ടം.