നേര്യമംഗലം-അടിമാലി റോഡില്‍ ചീയപ്പാറയ്ക്കു സമീപമുണ്ടായ മണ്ണിടിച്ചിലില്‍ മണ്ണും കല്ലും മരങ്ങളും റോഡിലേക്കു വീണനിലയില്‍.
കോതമംഗലം: കാലവര്‍ഷം ശക്തമായതിനൊപ്പം നേര്യമംഗലം-അടിമാലി റോഡില്‍ മണ്ണിടിച്ചില്‍. ഇന്നലെ ഉച്ചയോടെ ചീയപ്പാറയ്ക്കു സമീപം റോഡിന്റെ വശത്ത് ഉയരത്തില്‍നിന്ന് മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വാഹനങ്ങള്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഇതുവഴിയുള്ള വാഹനഗതാഗതം ഏറെനേരം തടസപ്പെട്ടു.
അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ നീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനോടടുത്ത പ്രദേശങ്ങളില്‍ മുമ്പും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതാണ്. എറണാകുളം ജില്ലയില്‍ നേരത്തേയുള്ള കാലാവസ്ഥാമുന്നറിയിപ്പില് മാറ്റംവരുത്തി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ ജി.പ്രിയങ്ക അവധി പ്രഖ്യാപിച്ചു.
അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണ്. ഓഗസ്റ്റ് ഒന്നു വരെയാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഓഗസ്റ്റ് രണ്ടിനും ശക്തമായ മഴയ്ക്കാണു സാധ്യത. യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലും സമാന കാലാവസ്ഥാ മുന്നറിയിപ്പാണുള്ളത്.
Tags : Landslide Cheeyappara Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash