കോട്ടയം: ഫാര്‍മസിസ്റ്റ് അല്ലാത്തവര്‍ക്കും മെഡിക്കല്‍ സ്റ്റോര്‍ ലൈസന്‍സ് അനുവദിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം.
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്കു കീഴില്‍ പ്രധാനമന്ത്രി ജന്‍ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനാണു നിയന്ത്രിത ലൈസന്‍സ് അനുവദിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കം നടത്തുന്നത്. ഇതിനെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമ പ്രകാരം ഫാര്‍മസിസ്റ്റുകള്‍ക്കു മാത്രമേ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കാനുള്ള ലൈസന്‍സ് നല്‍കുകയുള്ളൂ. 1948ലെ ഫാര്‍മസി നിയമപ്രകാരം മെഡിക്കല്‍ സ്റ്റോറുകളില്‍ ഫാര്‍മസിസ്റ്റിന്റെ സാന്നിധ്യവും നിര്‍ബന്ധമാണ്. ഈ നിയമത്തെ തകിടംമറിക്കാനുള്ള പുതിയ നീക്കമാണിതെന്ന് മെഡിക്കല്‍ സ്റ്റോര്‍ മേഖലയിലെ വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍, രാജ്യത്തെ ഗ്രാമീണ മേഖലകളിലും ഗോത്രമേഖലകളിലും ആവശ്യത്തിനു ഫാര്‍മസിസ്റ്റുകള്‍ ഇല്ലാത്തതു മൂലം ഈ മേഖലകളില്‍ മെഡിക്കല്‍ സ്റ്റോറുകളുടെ എണ്ണം കുറയുകയും പൊതുജനാരോഗ്യ മേഖലയെ ബാധിക്കുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു പുതിയ നീക്കമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
പുതിയ തീരുമാനം രാജ്യത്തുടനീളം മെഡിക്കല്‍ ഷോപ്പുകള്‍ നടത്തുന്നവരെയും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകളെയും ബാധിക്കും. മെഡിക്കല്‍ സ്റ്റോറുകളില്‍ രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ സാന്നിധ്യം തുടരണമെന്ന് കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടു ഫാര്‍മസി മേഖലയിലെ പ്രഫഷണല്‍ മാനദണ്ഡങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Tags : License to open medical stores