തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എം.മണി മത്സരിച്ചേക്കില്ലെന്ന് സൂചന. ജില്ലാ നേതൃത്വം നൽകിയ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് വെട്ടിയെന്നാണ് റിപ്പോർട്ട്. മണിക്കു പകരമായി ഉടുമ്പൻചോലയിൽ കെ.കെ.ജയചന്ദ്രൻ മത്സരിക്കും.
ഇതുസംബന്ധിച്ചുള്ള നിർദേശം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന ജില്ലാ നേതൃത്വം ജയചന്ദ്രന്റെ പേര് അംഗീകരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണി വിജയിച്ചത്.
അതേസമയം തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം. സ്വരാജും മത്സരിക്കില്ല. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് പാർട്ടിയുടെ ആലോചന.
എം.ബി.ഷൈനി വൈപ്പിനിൽ സ്ഥാനാർഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ് ഷൈനി. ചൊവ്വാഴ്ച ചേരുന്ന സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപം നൽകും. എറണാകുളത്തും തൃക്കാക്കരയിലും പൊതുസ്വതന്ത്രനെ പരീക്ഷിക്കാനാണ് ആലോചിക്കുന്നത്.
വടക്കൻ പറവൂർ ഏറ്റെടുക്കണമെന്നും വി.ഡി.സതീശനെതിരെ ശക്തമായ മത്സരം നടത്തണമെന്നും സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നിരുന്നു. എറണാകുളത്തെ അഞ്ച് സിറ്റിംഗ് എംഎൽഎമാർ തുടരണമെന്ന ചർച്ചയും ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായി.
Tags : Assembly election M.M. Mani Cpm Ldf Udumbanchola