തിരുവനന്തപുരം: വിളപ്പിൽശാലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന് പരാതി. കൊല്ലംകോണം സ്വദേശി ബിസ്മിറാണ് കഴിഞ്ഞ 19ന് മരിച്ചത്. ഇതു സംബന്ധിച്ച് ബിസ്മിറിന്റെ ഭാര്യ ഡിഎംഒയ്ക്ക് പരാതി നൽകി.
ശ്വാസകോശ സംബന്ധമായ അസുഖവുമായി ആശുപത്രിയിലെത്തിയ യുവാവിന് സിപിആർ നൽകാൻ പോലും അധികൃതർ തയാറായില്ലെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടു. 19ന് രാത്രി ഒന്നിനാണ് ബിസ്മിറിനെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധനാ മുറിയുടെ വാതിൽ തുറക്കാൻ പോലും ഏറെ സമയമെടുത്തു. ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടിട്ടും പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നും കുടുംബം ആരോപിച്ചു.
പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ബിസ്മിൻ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഉടൻ മെഡിക്കൽ കോളജിലേക്ക് അയച്ചെന്നും ആവശ്യമായ എല്ലാ ചികിത്സയും നൽകിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു.