തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ സിഎംഒ കേരളയിൽനിന്ന് നീക്കം ചെയ്ത രണ്ട് പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു. പോസ്റ്റുകൾ നീക്കം ചെയ്തത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വ്യക്തമാക്കി മെറ്റ മുഖ്യമന്ത്രിയുടെ ഓഫീസിന് ഔദ്യോഗിക വിശദീകരണവും നൽകി.
ആശാ പ്രവർത്തകർക്ക് ഉത്സവബത്തയായി 149 രൂപ വർധിപ്പിച്ച് നൽകുമെന്ന് അറിയിച്ച ഓഗസ്റ്റ് 19ലെ പോസ്റ്റും നബിദിനാശംസകൾ നേർന്നുള്ള പോസ്റ്റുമാണ് കഴിഞ്ഞ ദിവസം മെറ്റ നീക്കം ചെയ്തത്. എന്നാൽ പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കറാണ് കത്തുകൾ അയച്ചത്. ഇതിന് മറുപടിയായാണ് പോസ്റ്റുകൾ നീക്കം ചെയ്തത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മെറ്റ വ്യക്തമാക്കിയത്. ഇതേത്തുടർന്ന് നീക്കം ചെയ്ത രണ്ട് പോസ്റ്റുകളും മെറ്റ പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ മുമ്പും മെറ്റ നീക്കം ചെയ്തിട്ടുണ്ട്.
വി.ഡി.സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പോസ്റ്റുകൾ മെറ്റ പിൻവലിച്ചതെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഈ വാദം തെറ്റാണെന്ന് വ്യക്തമായി. ആരും ആവശ്യപ്പെട്ടിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നുമാണ് അന്ന് മെറ്റ വിശദീകരിച്ചത്.
Tags : Cmo Kerala Meta Facebook V. D. Satheesan