കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ വിമർശനം. ശശീന്ദ്രൻ പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹത്തിനെതിരെ നേതാക്കൾ ആഞ്ഞടിച്ചത്.
എലത്തൂരിൽ ഇത്തവണ സ്ഥാനാർഥി നിർണയം പൂർണമായും പാളിപ്പോയി. ശശീന്ദ്രന് പകരം മറ്റൊരാളാണ് മത്സരിച്ചിരുന്നതെങ്കിൽ ഇടതുപക്ഷത്തിന്റെ ഈ ഉറച്ച മണ്ഡലം കൈവിട്ടുപോകില്ലായിരുന്നുവെന്നും യോഗത്തിൽ ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടു. ശശീന്ദ്രൻ ഇത്തവണ മത്സരരംഗത്തുനിന്ന് മാറിനിൽക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു.
സ്വന്തം താല്പര്യപ്രകാരം ഏകപക്ഷീയമായി തീരുമാനമെടുത്ത് മത്സരത്തിനിറങ്ങിയതാണ് ഈ വൻ തിരിച്ചടിക്ക് വഴിവെച്ചതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. എലത്തൂരിലെ സ്ഥാനാർഥി നിർണയത്തിൽ തെറ്റുപ്പറ്റിപ്പോയെന്നും വിമർശനങ്ങൾ ഉൾക്കൊള്ളുന്നതായും ശശീന്ദ്രൻ യോഗത്തിൽ വ്യക്തമാക്കി.
ശശീന്ദ്രൻ വാശിപിടിച്ച് എലത്തൂർ സീറ്റിൽ വീണ്ടും മത്സരിച്ചതാണ് തോൽവിക്ക് കാരണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷ നിലപാട്. പുതിയ സ്ഥാനാർഥിയെ നിർത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയിൽ നേരത്തെ പ്രമേയവും അവതരിപ്പിച്ചിരുന്നു.
Tags : Elathur defeat A.K. Saseendran ncp