തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന് ചോദ്യത്തിന് ഇന്ന് വൈകുന്നേരമോ രാത്രിയോ തീരുമാനമായാൽ മുഖ്യമന്ത്രിയുടെയും ഘടക കക്ഷി മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഉടൻ നടക്കും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ചടങ്ങിന് സാധ്യതയുണ്ട്.
മുഖ്യമന്ത്രിയും ഘടകകക്ഷിയിൽ നിന്നുള്ള ഒരാൾ വീതവും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക .പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാൻ ചിലപ്പോൾ ഒരാഴ്ചയോ പത്ത് ദിവസമോ കൂടി എടുത്തേക്കാം. മേയ് 21 ന് നിയമസഭയുടെ കാലാവധി തീരുന്നതിനു മുമ്പ് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടം.
ഇന്ന് വൈകുന്നേരം നാലോടെ ന്യൂഡൽഹിയിൽ കോൺഗ്രസ് പ്രസിഡൻന്‍റ് ഖാർഖെയുടെ വസതിയിൽ രമേശ് ചെന്നിത്തല, വി.ഡി. സതീശൻ , കെ.സി. വേണുഗോപാൽ എന്നിവരുമായുള്ള അന്തിമ ചർച്ച നടക്കുമെന്ന് അറിയുന്നു .കേരളം സന്ദർശിച്ച ഹൈക്കമാൻഡിന്‍റെ പ്രതിനിധികൾ നൽകിയ അന്തിമ റിപ്പോർട്ട് കൂടി അടിസ്ഥാനത്തിൽ ആയിരിക്കും ചർച്ച .
കെപിസിസി പ്രസിഡന്റും ഡൽഹിയിൽ എത്തിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ അഭിപ്രായവും പരിഗണിച്ചേക്കാം. ഖാർഖെയുടെ ചർച്ച കഴിഞ്ഞ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞാൽ അന്തിമ തീരുമാനം വരും .അത് മിക്കവാറും ഇന്ന് രാത്രി ആവാനാണ് വഴി .
മുഖ്യമന്ത്രി ആരെന്ന തീരുമാനം വന്നു കഴിഞ്ഞാൽ ഉടൻതന്നെ മന്ത്രിസഭാ സത്യപ്രതിജ്ഞ ഉണ്ടാകും .ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരിക്കും ചടങ്ങുകൾ.
മുസ്ലിംലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി എന്നിവരെ കൂടാതെ ഘടകകക്ഷികൾക്ക് മന്ത്രിമാർ ഉണ്ടെങ്കിൽ അവരും അന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും .
Tags : udf ministry oath chief minister tuesday wednesday