കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഡോ. റാമിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദളിത്- ആദിവാസി സംഘടനകളുടെ സംയുക്ത വേദിയായ അംബേദ്കറൈറ്റ് ഡെമോക്രാറ്റിക്ഫ്രണ്ട് (എഡിഎഫ്) ആവശ്യപ്പെട്ടു.
പ്രിൻസിപ്പലിന്റെ മുറിയിൽനിന്നു നിതിൻ രാജ് പുറത്തേക്കു പോയപ്പോൾ ഡോ. റാമും സ്റ്റാഫ് റൂമിൽനിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. മുൻ വൈരാഗ്യത്താൽ ഡോ. റാം നിതിനിനെ മർദിച്ച് അവശനാക്കി കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് തള്ളി യിട്ടതാണോ എന്ന് സംശയിക്കുന്നു.
നിതിൻ രാജിന്റെ ശരീരത്തിൽ മർദനമേറ്റ പരിക്കുകൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിക്കുന്നു. കൂടാതെ വയറിൽ കറുത്ത നിറത്തിലുള്ള ദ്രാവകം കണ്ടെത്തിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഇത് എന്താണെന്നു കണ്ടെത്താനുള്ള അന്വേഷണം ഉണ്ടായില്ല. ജാതി അധിക്ഷേപത്തിന്റെ പേരിൽ ദിവസങ്ങൾക്കു ശേഷം നിതിൻ രാജ് ആത്മഹത്യ ചെയ്തുവെന്നു വിശ്വസിക്കാനാകില്ല. പോലീസും കോളജധികൃതരും ജാതി അധിക്ഷേപം, ലോൺ ആപ്പ് എന്നിവയിൽ ഊന്നി മരണം ആത്മഹത്യയെന്നു വരുത്തിത്തീര് ക്കാനാണു ശ്രമിക്കുന്നത്. നിതിൻ രാജിനെ കെട്ടിടത്തിൽനിന്നു വീണ നിലയിൽ കണ്ടെത്തിയെന്നാണു പ്രിൻസിപ്പൽ മൊഴി നൽകിയത്.
നിതിൻ രാജ് കെട്ടിടത്തിൽനിന്നു ചാടി മരിച്ചതായി ആരും മൊഴി നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വീണ നിലയിൽ കണ്ടെത്തിയ നിതിൻ രാജിന് ആശുപത്രിയിൽ എന്തു ചികിത്സയാണ് നൽകിയതെന്നതും അന്വേഷണവിധേയമാക്കണമെന്ന് എഡിഎഫ് ജനറൽ കൺവീനർ എം. ഗീതാനന്ദൻ ആവശ്യപ്പെട്ടു.
നിതിൻ രാജിന്റെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനതലത്തിൽ ആക്്ഷൻ കൗൺസിൽ രൂപവത്കരിച്ചിട്ടുണ്ടെന്നും എം. ഗീതാനന്ദൻ പറഞ്ഞു. പത്രസമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികള് പങ്കെടുത്തു.
Tags : death Nitin Raj ADF emands murder case Dr. Ram