കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിതിൻ രാജ് ആക്ഷൻ കൗൺസിൽ സംസ്ഥാനത്ത് 28ന് ഹർത്താൽ നടത്തും.
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ നടത്തുന്ന ഹർത്താൽ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികളായ സുനിൽ കൊയിലേരിയനും ഡോ. ഡി. സുരേന്ദ്രനാഥും പത്രസമ്മേളനത്തിൽ അറിയിച്ചു.
നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെ മുഴുവൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമൂല ആക്ട് നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദു ചെയ്യുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ. പത്രം, പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയും. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികൾ സഹകരിക്കണമെന്നു ഭാരവാഹികൾ പറഞ്ഞു.
60 സംഘടനകളാണു ഹർത്താലിനു നേതൃത്വം നൽകുന്നത്. പത്രസമ്മേളനത്തിൽ കുഞ്ഞമ്പു കല്യാശേരി, വി.സി. വിജയൻ എന്നിവരും പങ്കെടുത്തു.
Tags : Nitin Raj's death Action Council hartal bandh