തിരുവനന്തപുരം: പ്രതികാരബുദ്ധിയോടെയും നീതിരഹിതമായും ജീവനക്കാരെ സ്ഥലംമാറ്റുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതികാര നടപടികൾ ഉണ്ടാവില്ലെന്നും ജീവനക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി.
ഗുരുതര രോഗികൾ, വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളവർ, വനിതകൾ, ക്ലാസ് ഫോർ ജീവനക്കാർ എന്നിവരെയെല്ലാം ദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും 33 വകുപ്പുകളിൽ 310 വനിതകളെയും 38 ക്ലാസ് ഫോർ ജീവനക്കാരെയുമടക്കം 1982 പേരെ സ്ഥലംമാറ്റി 207 ഉത്തരവുകൾ കഴിഞ്ഞദിവസങ്ങളിൽ പുറപ്പെടുവിച്ചെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ജോയി പറഞ്ഞു.
അധികാരമേൽക്കും മുൻപേ ഇഷ്ടമില്ലാത്തവരെ മാറ്റി. എൻജിഒ അസോസിയേഷന്റെ അപേക്ഷയിൽ മേയ് അഞ്ചിനുതന്നെ വിദ്യാഭ്യാസ വകുപ്പിൽ ആറുപേരെ സ്ഥലംമാറ്റി. സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുത്താൽ ആരെയും സ്ഥലംമാറ്റുന്നു. പത്തും പതിനഞ്ചും വർഷമായി ജോലിചെയ്തിരുന്ന താത്കാലികക്കാരെയെല്ലാം പിരിച്ചുവിടുന്നു.
വേണ്ടപ്പെട്ടവർക്ക് ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് മാറ്റം നൽകുന്നു. സുതാര്യമായും ഓണ്‍ലൈനായും നടത്തിയിരുന്ന സ്ഥലംമാറ്റങ്ങൾ അട്ടിമറിച്ചെന്നും ജോയി പറഞ്ഞു. മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിനെയും ജോയി വിമർശിച്ചു.
ഒരു വകുപ്പിലും വ്യാപകമായ സ്ഥലംമാറ്റം നടത്തിയിട്ടില്ലെന്നും ഭരണപരമായ സൗകര്യാർഥം ഏതാനും സ്ഥലംമാറ്റങ്ങൾ മാത്രമാണുണ്ടായതെന്നും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ഭരണാനുകൂല സംഘടനകളുടെ ആവശ്യപ്രകാരം സ്ഥലംമാറ്റം നടത്തിയെന്ന ആരോപണം തെറ്റാണ്. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രീതിയിലോ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലോ നടപടികളെടുക്കില്ല. സെക്രട്ടേറിയറ്റിൽ മാത്രം ഇരുനൂറോളം പേർ വിരമിച്ചു. പേഴ്സണൽ സ്റ്റാഫിലേക്കുള്ള മാറ്റങ്ങൾകൂടി കണക്കിലെടുക്കുന്പോൾ ആരോപണം അടിസ്ഥാനരഹിതമാണ്.
കഴിഞ്ഞ പത്തുവർഷം ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയായിരുന്നു. ഒരു ഡസൻ തവണ മാറ്റപ്പെട്ടവരുണ്ട്. സെക്രട്ടേറിയറ്റിൽ 10 വർഷമായി ഇരുന്ന് വേരിറങ്ങിയവരുണ്ട്. അവരെ മാറ്റേണ്ടതുണ്ട്. സ്ഥലംമാറ്റത്തിൽ കഴിഞ്ഞ സർക്കാരിന്റെ നിലപാടായിരിക്കില്ല യുഡിഎഫിന്റേത്. കഴിഞ്ഞകാലത്ത് നീതി നിഷേധിക്കപ്പെട്ടവർക്ക് സ്വാഭാവിക നീതി ലഭിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഭരണമാറ്റത്തിന്റെ പേരിൽ ജീവനക്കാരെ അന്യായമായും ചട്ടവിരുദ്ധമായും മാറ്റുകയാണെന്നും മാനദണ്ഡങ്ങൾ മറികടന്ന് നടത്തിയ സ്ഥലംമാറ്റങ്ങൾ റദ്ദാക്കണമെന്നും പ്രതിപക്ഷനേതാവ് പിണറായിവിജയൻ ആവശ്യപ്പെട്ടു. സീനിയോരിറ്റിയടക്കം പരിഗണിച്ച് സ്ഥലംമാറ്റം സുതാര്യവും മാനദണ്ഡപ്രകാരവും അഴിമതിരഹിതവുമായിരിക്കണം. നീതിരഹിതമായ സ്ഥലംമാറ്റം തുടരുമെന്നാണ് സർക്കാർ നിലപാടെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. കെ.രാജൻ, പി.കെ.പ്രവീണ്‍ എന്നിവരും പ്രസംഗിച്ചു.