ന്യൂഡൽഹി: കെ-റെയിലിന് എതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ല കോടതിയാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി. രാജീവ്. കേസുകൾ പിൻവലിക്കാൻ സർക്കാറിന് താൽപര്യം പ്രകടിപ്പിക്കാം. എന്നാൽ അന്തിമ വിധി പറയേണ്ടത് കോടതിയാണെന്ന് അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. നിലവിൽ യുഡിഎഫ് സർക്കാർ റദ്ദാക്കിയ സിൽവർ ലൈൻ പദ്ധതിക്ക് ബദൽ മാർഗം എന്താണെന്ന് അവർ വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ പോലീസ് നടപടി അങ്ങേയറ്റം ദുരൂഹമാണെന്ന് പി. രാജീവ് ആരോപിച്ചു. മുന്പ് കുടിയൊഴിപ്പിക്കൽ നടപടികൾക്കായി 14 തവണ പോലീസ് വന്ന് മടങ്ങിപ്പോയ സ്ഥലമാണിത്. എന്നാൽ ഇത്തവണ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ പോലീസ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും അടക്കം ക്രൂരമായി വലിച്ചിഴച്ചാണ് നടപടിയെടുത്തത്.
കഴിഞ്ഞ എൽഡി.എഫ് സർക്കാർ ഈ വിഷയം പരിഹരിക്കാൻ സജീവമായി ഇടപെട്ടിരുന്നുവെന്നും ഒഴിഞ്ഞുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അവിടുത്തെ പ്രദേശവാസികൾ സർക്കാരിനെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.