പത്തനംതിട്ട: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഓർമപ്പെരുന്നാളിൽ പങ്കെടുക്കുന്നതിനുള്ള തീർഥാടകരുടെ സംഗമം ഇന്ന്.
പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹം തേടിയുള്ള പ്രാർഥനാ മന്ത്രങ്ങളുമായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു പുറപ്പെട്ട കാൽനട തീർഥാടക സംഘങ്ങൾ ഇന്നു രാവിലെ മുതൽ മഞ്ഞനിക്കരയിൽ എത്തും.
ഏറ്റവും കൂടുതൽ ദൂരം കാൽനടയായി യാത്ര ചെയ്തു വടക്കൻ മേഖലയിൽ നിന്നുള്ള തീർഥാടകർ ഇന്ന് രാവിലെ 6.30ന് മഞ്ഞനിക്കരയിൽ എത്തും. ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ തീർഥാടകരെ സ്വീകരിക്കും.
ഇന്നു രാവിലെ 7.30ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാന. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന.
ആറിന് തീർഥാടക സമ്മേളനം പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മാർ ജോസഫ് ബാലി മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി തുടങ്ങിയവർ പങ്കെടുക്കും.
Tags : Manjanikara Pilgrimage meeting Patriarch Ignatius Elias III