തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ പരിഹാസ പാരഡി പാട്ടിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണം കട്ടവർ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ മറുപടിയാകുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിനൽകി.
സോണിയാ ഗാന്ധിയുടെ വീട്ടിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എൽഡിഎഫ് വർഗീയതയുമായി ഒത്തുപോകുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മതവാദികളുടെ വോട്ട് വേണ്ടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഓരോ പാർട്ടിക്കും ഓരോ നിലപാടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊല്ലത്തെ വാർത്താസമ്മേളനത്തിനിടെ എഴുന്നേറ്റുപോയതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.
തെരഞ്ഞെടുപ്പ് തിരക്ക് പ്രമാണിച്ച് 30-40 മിനിറ്റ് സംസാരിക്കുക എന്നതാണ് രീതി. ആര് ചോദിക്കുന്നുവെന്ന നോക്കിയല്ല താൻ മറുപടി നൽകുന്നത്. സമയം ദീർഘിച്ചപ്പോൾ എഴുന്നേറ്റതാണ്. എന്നാൽ പിന്നിൽ വലിയ ബഹളം ഉണ്ടായപ്പോൾ കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് നല്ലതെന്ന് തോന്നി തിരിച്ചു വന്നതാണ്.
ചില ആളുകൾ ബഹളത്തിന് തയാറായിട്ടാണ് വരുന്നത്. നിങ്ങളുടെ മനസിലുള്ള ചോദ്യങ്ങൾക്കെല്ലാം മറുപടി പറയാൻ പറ്റില്ലല്ലോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.