കണ്ണൂര്: കണ്ണൂരിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കളെന്ന് സംശയിക്കുന്ന വസ്തുക്കൾ വ്യാജ ബോംബുകളെന്ന് പോലീസ്. പൊയിലൂർ മേപ്പാടുളള തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ മണൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു ഐസ്ക്രീം കണ്ടെയ്നറുകൾ.
പിന്നാലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സാങ്കേതിക പരിശോധനയിൽ വസ്തുക്കൾക്കുള്ളിൽ എം സാന്റും കല്ലുകളും നിറച്ച് ബോംബ് രൂപത്തിൽ ഉണ്ടാക്കിയതാണെന്ന് വ്യക്തമായി. വ്യാജ ബോംബ് നിർമിച്ചവർക്കായി കൊളവല്ലൂർ പോലീസ് അന്വേഷണം തുടങ്ങി.
മാസങ്ങൾക്ക് മുൻപാണ് സമീപ പ്രദേശത്ത് ജെസിബി ഉപയോഗിച്ച് വീടു നിർമാണം നടക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പാനൂർ ചിത്രവയലിൽനിന്ന് രണ്ട് സ്റ്റീൽ ബോബും ഒരു നാടൻ ബോംബും കണ്ടെത്തിയിരുന്നു. വോട്ടെണ്ണൽ നടക്കാനിരിക്കെ പാനൂരും പരിസര പ്രദേശങ്ങളിലും സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.