തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം സംബന്ധിച്ച് വീഴ്ചകൾ അനുവദിക്കില്ലെന്നും പരിശോധനയ്ക്ക് ആർഡിഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വി. ശിവൻകുട്ടി.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പുരോഗമിച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തജനലക്ഷങ്ങൾ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറയുന്നു.
ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകൾ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നഗരത്തെ പൂർവസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Tags : Attukal Pongala V Sivankutty Cleaning Thiruvananthapuram