കൊച്ചി: ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍. വളരെ സെന്‍സിറ്റീവ് ആയ വിഷയമാതു കൊണ്ടാണ് എസ്‌ഐടി രൂപീകരിച്ചത്. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ച ശേഷമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
വനിതാ പോലീസുകാരാണ് ഇവരുടെ മൊഴിയെടുത്തത്. വളരെ സൂക്ഷ്മമായി പലതും ചെയ്യാനുണ്ടായിരുന്നു. സെലിബ്രിറ്റി ആയതുകൊണ്ട് കുറെ വെരിഫിക്കേഷന്‍ ചെയ്താണ് മുന്നോട്ടു പോയത്. രഞ്ജിത്തിനെതിരെ രണ്ടു കേസുകള്‍ ഉണ്ടായിട്ടും അത് റദ്ദായി പോയതാണ്. നടിയുടെ വ്യക്തിത്വം അടക്കം എല്ലാം രഹസ്യമാക്കി വച്ച് മുന്നോട്ടുപോവുക വെല്ലുവിളിയായിരുന്നു.
അങ്ങനൊരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് ഉറപ്പിച്ച ശേഷമാണ് കേസുമായി മുന്നോട്ടു നീങ്ങിയത്. കേസ് എടുത്ത് ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് അടുത്ത നടപടിയിലേക്ക് പോയത്. രഞ്ജിത്ത് ഇവിടെ നിന്നും മാറാന്‍ ശ്രമിച്ചതാണ്. അതാണ് പിടികൂടിയത്. ഷൂട്ടിംഗ് സെറ്റിലാണ് അതിക്രമം നടന്നത്. സെറ്റിലെ എല്ലാവരും ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നു.
അപ്പോള്‍ തന്നെ നടി കാരവാനില്‍ നിന്നും കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുള്ളവരോടെല്ലാം കാര്യം പറഞ്ഞു. അവിടെയുള്ളവര്‍ സമാധാനപ്പെടുത്തി വിടുകയായിരുന്നു. നടി മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. കൗണ്‍സിലിംഗിനും സൈക്യാട്രിക് ട്രീറ്റ്‌മെന്‍റിനും ശേഷമാണ് പരാതി നല്‍കിയത്. തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേർത്തു.
എറണാകുളം ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണച്ചുമതല. അതിജീവിതയുടെ മൊഴി എടുത്തപ്പോള്‍ പരാതി സത്യമാണെന്ന് മനസിലായി. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു വരുന്നതേയുള്ളു. ഉദയംപേരൂര്‍ ഇന്‍സ്‌പെക്ടര്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ടു വനിതാ എസ്‌ഐമാരും ടീമിലുണ്ട്. സെറ്റില്‍ ഉണ്ടായിരുന്ന സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
Tags : Ranjith City Police Commissioner Rape Case