കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി ചാനലിനെതിരെ ട്വന്റി 20 ചെയര്മാന് സാബു എം. ജേക്കബ്. ചാനലിന് നിയമപരമായ പ്രവര്‍ത്തനാനുമതിയില്ല. കമ്പനി എങ്ങനെയാണ് രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചതെന്നും കമ്പനിയുടെ പണത്തിന്റെ സ്രോതസും സിബിഐയും ഇഡിയും അന്വേഷിക്കണം. ചാനല്‍ ഇന്ന് തന്നെ അടച്ചു പൂട്ടണമെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് ഇല്ലാതെ, ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് ഇല്ലാതെ ആരുടെ ഒത്താശയോടുകൂടിയാണ് ഈ ചാനല്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷിക്കണം. സുരക്ഷാ ക്ലിയറന്‍സ് ലൈസന്‍സുള്ള ആളുകള്‍ക്ക് മാത്രമേ ചാനല്‍ നടത്താന്‍ സാധിക്കുകയുള്ളു. അത് കൈമാറ്റം ചെയ്യാനോ ലീസിന് എടുക്കാനോ സാധിക്കില്ല. ആ സാഹചര്യത്തില്‍ 2023ല്‍ ഈ ചാനല്‍ ആന്റോ അഗസ്റ്റിനും സഹോദരും എങ്ങനെ കൈവശപ്പെടുത്തി. ഈ ചാനല്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ലൈസന്‍സ് റദ്ദാക്കണമെന്നും പറഞ്ഞ് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിക്ക് പരാതി നൽകിയിരുന്നെന്നും സാബു ജേക്കബ് പറഞ്ഞു.
അതിന്റെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കാം നികേഷിന്റെയും റാണി നികേഷിന്റെയും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ദേശീയ സുരക്ഷ ക്ലിയറന്‍സ് റദ്ദ് ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി റിപ്പോര്‍ട്ടര്‍ ചാനല്‍ ആന്റോ അഗസ്റ്റിനും സഹോദരങ്ങളും നടത്തുകയായിരുന്നു.
ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന്റെ സുരക്ഷ ക്ലിയറന്‍സ് ആഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്തതായി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. അതുകൊണ്ട് ഒരു നിമിഷം പോലും ഈ ചാനല്‍ പ്രവര്‍ത്തിക്കാന്‍ നിയമപരമായി അനുവദിക്കുന്നില്ല. രണ്ടു വര്‍ഷമായി ചാനലിന്റെ പേരില്‍ കോടികളുടെ പരസ്യം വാങ്ങിയും തെറ്റായ വാര്‍ത്തകള്‍ നല്കി പലരുടെയും ജീവിതം തന്നെ വഴിമുട്ടിച്ചു.
എങ്ങനെയാണ് രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു എന്നത് സിബിഐയും ഇഡിയും ചേര്‍ന്ന് അന്വേഷിക്കണം. ചാനല്‍ തുടങ്ങുന്നതിനായുള്ള തുക എങ്ങനെ കിട്ടി, ആരാണ് ഇതിന്റെ ഇന്‍വെസ്റ്റര്‍ എന്നത് അന്വേഷിക്കണം. മെസി വരുമെന്ന് പറഞ്ഞ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് 72 കോടി മുടക്കി എന്ന് പറയുന്നു. ഈ പണത്തിന്റെ സ്രോതസ് എവിടെ? കേരളത്തില്‍ ഇത്രയധികം കുറ്റകൃത്യങ്ങള്‍ ചെയ്ത ഒരു വ്യക്തി രണ്ടു വര്‍ഷം ഒരു ചാനല്‍ നടത്തി ജനങ്ങളെ വഞ്ചിച്ചു. ഇതിന്റെ പിന്നില്‍ സിപിഎം ആണ്. കാരണം സിഎമ്മിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ചാനലാണിതെന്ന് സാബു എം. ജേക്കബ് പറഞ്ഞു.
Tags : Reporter Channel's suspicious activities ED CBI investigate