പാലാ: അവയവമാറ്റത്തിലൂടെ റിവിഷന്‍ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ മാര്‍ സ്ലീവാ മെഡിസിറ്റി ഓര്‍ത്തോപീഡിക്സ് വിഭാഗം വീണ്ടും വിജയകരമായി നടത്തി. പാലാ സ്വദേശിയായ 67കാരന്റെ കാലപ്പഴക്കം മൂലം ഇളകിമാറിയ 35 വര്‍ഷം പഴക്കമുള്ള ഇടുപ്പിലെ കൃത്രിമ സന്ധിയാണ് മാറ്റിവച്ചത്.
ബംഗളൂരുവിലെ രാമയ്യാ മെഡിക്കല്‍ കോളജില്‍നിന്ന് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ എത്തിച്ച അല്ലോഗ്രാഫ്റ്റ് ഉപയോഗിച്ച് എല്ലിലുണ്ടായ വലിയ വിടവ് പുനഃസ്ഥാപിച്ച ശേഷം റിവിഷന്‍ ഇംപ്ലാന്റുകള്‍ ഉപയോഗിച്ച് പുതിയ കൃത്രിമസന്ധി ഘടിപ്പിച്ചായിരുന്നു ശസ്ത്രക്രിയ. ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. രാജീവിന്റെ നേതൃത്വത്തിലാണ് നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ അല്ലോഗ്രാഫ്റ്റ് ഉപയോഗിച്ചു വിജയകരമാക്കിയത്.
വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അപകടത്തില്‍ ഇടുപ്പിലെ ഗോളത്തിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് 67കാരന് കൃത്രിമ സന്ധി സ്ഥാപിച്ചിരുന്നത്. അടുത്തിടെ അതിശക്തമായ വേദനയെത്തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ പരിശോധനയില്‍ മുന്‍പു സ്ഥാപിച്ച കൃത്രിമ സന്ധി ഇളകിയതായി കണ്ടെത്തി.
ചുറ്റുമുള്ള അസ്ഥി കൃത്രിമസന്ധിയിലുള്ള പോളിഎത്തിലീന്‍ ഘടകങ്ങളുടെ പ്രതി പ്രവര്‍ത്തനം മൂലം ദ്രവിച്ചതായും ശ്രദ്ധയില്‍ പെട്ടു. എല്ലിലുണ്ടായ വലിയ വിടവ് നികത്താന്‍ ബംഗളൂരുവില്‍നിന്ന് അവയവമാറ്റത്തിലൂടെയുള്ള അല്ലോഗ്രാഫ്റ്റ് എത്തിക്കുകയായിരുന്നു.
ഡോ. പി.ബി. രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി പ്രഫ. ഡോ. മാത്യു ഏബ്രഹാം, ഡോ. സിബിന് സൈഫുദീന്‍ , അനസ്തേഷ്യ വിഭാഗത്തിലെ ഡോ. എബി ജോണ്‍, ഡോ. ജെയിംസ് സിറിയക്, ഡോ. രേഷ്മ എന്നിവരും പങ്കെടുത്തു. സുഖം പ്രാപിച്ച രോഗി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
Tags : Mar Sliwa Medicity Hip Replacement Surgery Revision Hip