x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പോറ്റിയെ ചോദ്യംചെയ്ത് ക്രൈംബ്രാഞ്ച്

എം. സുരേഷ്ബാബു
Published: June 27, 2026 11:30 AM IST | Updated: June 27, 2026 11:30 AM IST

ഉണ്ണിക്കൃഷ്ണന്‍ പോറ്റി (ഫയൽ ചിത്രം)

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു.

ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. എട്ടു മണിക്കൂറോളം നേരം ചോദ്യംചെയ്യല്‍ നീണ്ടുനിന്നു. 2025 ലെ ദ്വാരപാലക പാളികള്‍ കൊണ്ട് പോയ സംഭവത്തിലാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തത്.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും പാളികള്‍ സ്വര്‍ണം പൂശാനുള്ള വാറന്‍റിയുണ്ടെന്ന പോറ്റിയുടെ അവകാശവാദത്തെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ദ്വാരപാലകശില്‍പ്പ പാളികള്‍ ചെന്നൈയിലേക്ക് കൊണ്ട് പോകുന്നതിന് ആരൊക്കെ ഇടപെട്ടെന്നും ഓരോരുത്തരുടെ റോളുകള്‍ എന്തൊക്കെയായിരുന്നുവെന്നും പോറ്റിയോട് എസ്‌ഐടി ചോദ്യം ചെയ്യല്‍ വേളയില്‍ അന്വേഷിച്ച് മൊഴി രേഖപ്പെടുത്തി. പാളികള്‍ കൊണ്ട് പോകുന്നതിന് ആരൊക്കെ സഹായം ചെയ്‌തെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തെ അറിയിച്ചു.

നേരത്തെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്, മുന്‍ അംഗം അജികുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. 2019 ലെ സ്വര്‍ണ്ണക്കൊള്ള മറയ്ക്കാനാണ് 2025 ല്‍ ദ്വാരപാലക ശില്‍പ്പ പാളികള്‍ വീണ്ടും ചെന്നൈയിലേക്ക് കൊടുത്തുവിട്ടതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായെന്നും ഗുഢാലോചന നടന്നിട്ടുണ്ടെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

2025 ല്‍ സ്വര്‍ണത്തില്‍ തീര്‍ത്ത ദ്വാരപാലകശില്‍പ്പ പാളികള്‍ ചെന്നൈയിലേക്ക് വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ട് പോയ സംഭവത്തില്‍ കേസെടുക്കണമെന്ന അഭിപ്രായമാണ് എസ്‌ഐടിക്കുള്ളത്. ഇക്കാര്യങ്ങള്‍ എല്ലാം വിശദമാക്കിയുള്ള അന്തിമ റിപ്പോര്‍ട്ടാണ് എസ്‌ഐടി ഹൈക്കോടതിക്ക് സമര്‍പ്പിക്കുന്നത്. ദ്വാരപാലകശില്‍പ്പ പാളികളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ കോടതി നിര്‍ദേശാനുസരണം കേസെടുക്കും.

29-ാം തീയതിക്ക് മുന്‍പ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. 1998 മുതല്‍ 2025 വരെ ശബരിമലയില്‍ നടന്നിട്ടുള്ള മുഴുവന്‍ ക്രമക്കേടുകളും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെയാണ് മേല്‍നോട്ടചുമതല കോടതി നല്‍കിയിരുന്നത്.

2019 ലെ കേസിലാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാരായ എ.പത്മകുമാര്‍, എന്‍. വാസു , ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ദേവസ്വം ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്ന് അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ മുരാരി ബാബു ഈ സമീപകാലത്ത് മരണപ്പെട്ടിരുന്നു.

Tags : Sabarimala gold robbery Crime Branch

Recent News

Corehub Up