ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപിച്ച ബെൽജിയം ടീമിന്‍റെ ആഹ്ലാദം
വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ ന്യൂസിലൻഡിനെ തകർത്ത് ബെൽജിയം നോക്കൗട്ട് റൗണ്ടിലേക്ക്. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബെൽജിയത്തിന്‍റെ ജയം.
ലിയാൻഡ്രോ ട്രൊസാർഡിന്‍റെ ഇരട്ട ഗോളുകളും സൂപ്പർതാരം റൊമേലു ലുകാക്കുവിന്‍റെയും കെവിൻ ഡി ബ്രൂയ്ന്‍റെയും അലക്സിസ് സാലേമാക്കേഴ്സിന്‍റെയും ഗോളുകളുമാണ് ബെൽജിയത്തിന് ജയം സമ്മാനിച്ചത്.
തുടക്കംമുതലേ ബെൽജിയത്തിന്‍റെ മുന്നേറ്റമാണ് കളിയിൽ ദൃശ്യമായത്. 28-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെയാണ് ആദ്യ ലീഡ് നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 50-ാം മിനിറ്റിൽ ട്രൊസാർഡ് വീണ്ടും വലകുലുക്കിയതോടെ ബെൽജിയം ലീഡുയർത്തി.
മത്സരത്തിന്‍റെ 66-ാം മിനിറ്റിൽ സൂപ്പർതാരം കെവിൻ ഡി.ബ്രൂയിന്‍റെ വകയായിരുന്നു മൂന്നാം ഗോൾ. 84-ാം മിനിറ്റിൽ എലിജ ഹെൻറിയിലൂടെ ന്യൂസിലാൻഡ് ഒരു ഗോൾ മടക്കി. തൊട്ടുപിന്നാലെ 84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കുവും ഇഞ്ചുറി ടൈമിൽ അലക്സിസ് സാലേമാക്കേഴ്സും ലക്ഷ്യം കണ്ടതോടെ ഗ്രൂപ്പിൽ ഒന്നാമന്മാരായി ബെൽജിയം നോക്കൗട്ടിലേക്ക്. തോൽവിയോടെ ന്യൂസിലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായി.
Tags : Belgium New Zealand FIFA Worldcup Football