കൊച്ചി: പോക്സോ കേസ് പ്രതിക്ക് നൂറു വര്‍ഷം തടവ് വിധിച്ച കേസില്‍ അന്വേഷണ സംഘത്തിന് ജില്ല പോലീസ് മേധാവിയുടെ അനുമോദനം. 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ആസാം സ്വദേശി ഗുലാം റബ്ബാനിക്ക് (40) ആണ് പെരുമ്പാവൂര്‍ പോക്സോ കോടതി 100 കൊല്ലം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്.
2020-2022 കാലത്ത് കുന്നത്തുനാട് പോലീസ് സ്റ്റേഷന് പരിധിയില്‍ ആയിരുന്നു സംഭവം നടന്നത്. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എന്‍.കെ ജേക്കബ്, എഎസ്ഐമാരായ ഒ.പി അജിത, ഇ.എസ് ബിന്ദു, സീനിയര്‍ സിപിഒ കെ.ആര് പ്രിയ, സിപിഒ ബിബിന്‍ മോഹന്‍ എന്നിവര്‍ക്കാണ് ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്ശന് അനുമോദന പത്രം നല്കി അനുമോദിച്ചു. അന്വേഷണ സംഘത്തെ അനുമോദിച്ച ചടങ്ങില്‍ എഎസ്പി ഹാര്‍ദിക് മീണ, ഡിവൈഎസ്പി ബിജോയ് ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫെബ്രുവരിയിലാണ് ഗുലാം റബ്ബാനിക്ക് പെരുമ്പാവൂര്‍ പോക്സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണ ശിക്ഷ വിധിച്ചത്. അഞ്ച് വകുപ്പുകളിലായാണ് 20 വര്‍ഷം വീതം ശിക്ഷ വിധിച്ചത്. പിതാവ് മരിച്ച പെണ്‍കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനി ജീവനക്കാരനായിരുന്ന ഗുലാം റബ്ബാനി സ്കൂള്‍ അവധി ദിവസങ്ങളില്‍ വീട്ടിലെത്തി പീഡിപ്പിച്ചതായാണ് കേസ്.
ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും 14-ാം വയസ്സില്‍ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി. പ്രതിയുടെ ഭീഷണിയെ തുടര്‍ന്ന് ആദ്യം പെണ്‍കുട്ടി ആണ് സുഹൃത്തിന്റെ പേര് പറഞ്ഞെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ ഗുലാം റബ്ബാനിയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.