പ്രതീകാത്മക ചിത്രം
കൊല്ലം: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കുനേരെ തെരുവുനായയുടെ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം.
ട്രെയിൻ കയറാനെത്തിയ യാത്രക്കാരനും റെയിൽവേ ജീവനക്കാരൻ സത്യനുമാണ് നായയുടെ കടിയേറ്റത്. തിരക്കേറിയ സമയത്തായിരുന്നു സംഭവം. പരിക്കേറ്റവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നതോടെയാണ് കൂടുതൽ പേർക്ക് കടിയേൽക്കുന്നത് ഒഴിവായത്.
ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ തെരുവുനായ ശല്യം രൂക്ഷമാണ്. പ്ലാറ്റ്ഫോമുകളിലും പരിസരത്തും നായ്ക്കളുടെ സാന്നിധ്യം യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. തെരുവുനായ ശല്യം നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റെയിൽവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : attack Stray dog Sasthamkotta railway station bitten