തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകും മുന്‍പ് എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്ന് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
കേരള എയ്ഡഡ് സ്കൂള്‍ അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുടെ സംയുക്ത സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് നടപ്പിലാക്കി എന്ന് ഉറപ്പുവരുത്തിയ ശേഷമേ തെരഞ്ഞെടുപ്പിനേക്കുറിച്ചു പദ്ധതിയിടാവൂ എന്നാണ് തന്റെ അഭ്യര്‍ഥന. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ അഫിഡവിറ്റ് കൊടുത്തു എന്ന വാസ്തവം തിരിച്ചറിയുന്നു.
എന്‍എസ്എസ് മാനേജ്മെന്റിനു നല്കിയതു പോലെ ഈ മാനേജ്മെന്റുകള്‍ക്കും നല്കുന്നതിനു തടസമില്ല എന്ന അഫിഡവിറ്റ് സുപ്രീം കോടതിയില്‍ കൊടുത്തിട്ടുണ്ടെന്ന് അറിയുന്നു. കോടതിയിലെ കാലാവധി നീണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ട് സമയബന്ധിതമായി കോടതിയില്‍ ഈ വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ഈ സര്‍ക്കാരിന്റെ ഭരണകാലത്തു തന്നെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നീതി നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് അധ്യാപകർക്ക് അവരുടെ നിയമനവും ശമ്പളവും നല്കിയ ശേഷം മാത്രമേ അധികാര കൈമാറ്റത്തേക്കുറിച്ച് ആലോചിക്കാവൂ എന്ന് സര്‍ക്കാരിനു മുന്നില്‍ അപേക്ഷ വയ്ക്കുകയാണ്.
ഇത് അധ്യാപകരുടെ വിഷയം മാത്രമല്ല, പതിനായിരക്കണക്കിന് കുട്ടികളുടെ വിഷയം കൂടിയാണ്. മുഖ്യമന്ത്രിയുംവിദ്യാഭ്യാസ മന്ത്രിയും ഈ അധ്യാപകര്‍ക്ക് നീതി ലഭിക്കാന്‍ സമയ ബന്ധിതമായി തീരുമാനമെടുത്ത് സഹായിക്കണം. ഇത് ആയിരക്കണക്കിന് അധ്യാപകര്‍ക്കും പതിനായിരക്കണക്കിന് കുട്ടികള്‍ക്കും വേണ്ടിയുള്ള അപേക്ഷയാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കുക, 2022 മുതലുള്ള അധിക തസ്തികകളിലെ നിയമനങ്ങള്‍ അംഗീകരിക്കുക, കെ-ടെറ്റ് ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള എയ്ഡഡ് സ്കൂള്‍ അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍നിന്നുമായി ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് കൊല്ലം ബിഷപ് പോള്‍ ആന്റണി മുല്ലശേരി, പാറശാല ബിഷപ് തോമസ് മാര്‍ യൗസേബിയോസ്, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാളും സ്കൂളുകളുടെ കറസ്പോണ്ടന്റുമായ മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ, ശിവഗിരി മഠം സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ വിശാലാനന്ദ സ്വാമികള്‍, എംഇഎസ് സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി കെ.എ. ഹാഷിം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Cardinal Mar Cleemis Bava Cleemis Bava Teachers' issues before elections