കാലടി: ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകളിൽ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് തീര്‍ഥാടകരുടെ പ്രവാഹം. ‘പൊന്നിന് കുരിശുമല മുത്തപ്പോ പൊന്മല കയറ്റം’ എന്ന ശരണമന്ത്രത്താല്‍ മുഖരിതമായിരുന്നു കുരിശുമുടിയും പരിസരപ്രദേശങ്ങളും.
കുരിശും ചുമന്ന് കാല്‍നടയായി എത്തി മല കയറിയ ചെറിയ സംഘങ്ങളെയും കാണാമായിരുന്നു. വിശുദ്ധവാരം ആരംഭിച്ചതോടെ മലയാറ്റൂരിലേക്ക് ആരംഭിച്ച തീര്‍ഥാടകപ്രവാഹം ഇന്ന് പാരമ്യത്തിലെത്തും. വിശുദ്ധവാരത്തിലെ പെസഹാവ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലാണ് കുരിശുമുടിയിലേക്ക് ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തുന്നത്.
രാത്രിയിലാണ് തീര്‍ഥാടകരുടെ തിരക്ക് കൂടുതൽ. അടിവാരത്ത് ഇന്നലെ വിവിധ സംഘടനകള്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. മലയാറ്റൂരിലേക്കുള്ള വഴികളില്‍ വിവിധ സംഘടനകളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ക്കു ദാഹജലവും ശീതളപാനീയങ്ങളും സൗജന്യമായി നല്കി. ഇന്നു വിവിധയിടങ്ങളില്‍ തീര്‍ഥാടകര്‍ക്കു നേര്‍ച്ച ഭക്ഷണം നല്‍കും.
കുരിശുമുടി പള്ളിയില്‍ ഇന്നലെ രാവിലെ കുരിശുമുടി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ആന്റണി നടുവത്തുശേരിയുടെ കാര്‍മികത്വത്തില്‍ കാൽകഴുകല്‍ ശുശ്രൂഷ നടന്നു. വിശുദ്ധ കുര്‍ബാന, വചനസന്ദേശം, പൂര്‍ണദിന ആരാധന, പൊതു ആരാധന എന്നിവയുണ്ടായിരുന്നു. അടിവാരത്തെ സെന്റ് തോമസ് പള്ളിയില്‍ കാല് കഴുകല്‍ ശുശ്രൂഷയ്ക്ക് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കാര്‍മികത്വം വഹിച്ചു.
കുരിശുമുടി പള്ളിയില്‍ ഇന്നു രാവിലെ ഏഴിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, പീഡാനുഭവ സന്ദേശം, കുര്‍ബാന സ്വീകരണം, നഗരി കാണിക്കല്‍ എന്നിവയുണ്ടാകും. താഴത്തെ പള്ളിയില്‍ ഇന്നു രാവിലെ 6.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുര്‍ബാന സ്വീകരണം, കുരിശുവന്ദനം, വചനസന്ദേശം എന്നിവ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ആഘോഷമായ കുരിശിന്റെ വഴി. തുടര്‍ന്ന് കുരിശുമുടി അടിവാരത്തേക്ക് വിലാപയാത്ര ആരംഭിക്കും.
നാളെ രാത്രി 11.45ന് കുരിശുമുടിയിലും രാത്രി 10.30ന് താഴത്തെ പള്ളിയിലും ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.
Tags : Malayattur Kurisumudi memory suffering Pilgrims