എരുമപ്പെട്ടി(തൃശൂർ): വെള്ളറക്കാട് കൊല്ലൻപടിയിൽ കിടപ്പുരോഗിയായ വയോധികയെ വീടിനകത്തുകയറി കടിച്ചുകൊലപ്പെടുത്തിയ തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു.
കിഴക്കേപുരയ്ക്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ കാർത്യായനി (84)യാണ് വ്യാഴാഴ്ച ദാരുണമായി മരിച്ചത്.ശരീരമാസകലം കടിയേറ്റ കാർത്യായനിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
ഇവരുടെ മകൻ മാനസികാസ്വാസ്ഥ്യമുള്ള ദേവദാസിനെയും(60) നായ ആക്രമിച്ചിരുന്നു. ദേവദാസിന്റെ കാൽവിരലുകൾ ഉൾപ്പടെ കടിച്ചുപറിച്ച നിലയിലാണ്. ദേഹത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരപരിക്കേറ്റ ദേവദാസ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എരുമപ്പെട്ടി പോലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നാട്ടുകാർ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെ വെള്ളറക്കാട് സെന്ററിൽവച്ച് നായയെ പിടികൂടി. അനിമൽ റസ്ക്യൂ ടീം അംഗം ബൈജു കടങ്ങോടാണ് നായയെ വലയെറിഞ്ഞു പിടിച്ചത്.
നായയെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ സിവിൽ പോലീസ് ഓഫീസർ വിഷ്ണുവിനു കൈക്കു പരിക്കേറ്റു. പഞ്ചായത്തിന്റെ ആംബുലൻസിൽ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിൽ നായ ചത്തു. തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചത്.
കാർത്യായനിയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുവച്ചശേഷം ചെറുതുരുത്തി ശ്മശാനത്തിൽ സംസ്കരിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Tags : Dog Bit Karthiyani rabies