കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ച്ബിഷപ്പിന്റെ വികാരി എന്ന നിലയിൽ അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്തുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ നടത്തിവരുന്ന സമരമാർഗങ്ങൾ ക്രൈസ്തവസ്നേഹത്തിന്റെ പരിധികളെയെല്ലാം ലംഘിക്കുന്നതെന്ന് സീറോമലബാർ സഭ.
2026 ജനുവരി ആറുമുതൽ 10 വരെ നടത്തിയ 34-ാം സിനഡിന്റെ ഒന്നാം സമ്മേളനത്തിനുശേഷം 2026 ജനുവരി പത്തിന് പുറത്തിറക്കിയ സർക്കുലറിൽ, സിനഡിലെ മെത്രാന്മാർ എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രത്യേക സാഹചര്യത്തിൽ, ഘട്ടംഘട്ടമായി ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാനുള്ള സിനഡ് തീരുമാനത്തെ എല്ലാവരും അംഗീകരിക്കണമെന്ന് അഭ്യർഥിക്കുകയും ക്രൈസ്തവ ചൈതന്യത്തിനു ചേരാത്ത പ്രതിഷേധമാർഗങ്ങൾ വെടിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
സിനഡിന്റെ ഈ ആഹ്വാനത്തിനുശേഷവും സമരമാർഗം തുടരുന്ന ഒരു വിഭാഗം ആളുകൾ ബസിലിക്കയുടെ മുഖവാരത്തിൽ മേജർ ആർച്ച്ബിഷപ്പിന്റെയും മാർ പാംപ്ലാനിയുടെയും ചിത്രങ്ങൾ അപകീർത്തികരമായി പ്രദർശിപ്പിക്കുകയും മെത്രാന്മാരുടെ ചിത്രം ആർച്ച്ബിഷപ്സ് ഹൗസിന്റെ മതിലിലും സമീപപ്രദേശങ്ങളിലും പതിപ്പിക്കുകയും ചെയ്തു. ഇത് അങ്ങേയറ്റം അപലപനീയമാണ്.
പരിശുദ്ധപിതാവും സിനഡും പറഞ്ഞതിനെതിരേയാണ് മാർ പാംപ്ലാനി പ്രവർത്തിക്കുന്നതെന്നു പ്രചരിപ്പിച്ചുകൊണ്ട് സഭയെയും സഭാതലവനെയും സഭയിലെ പിതാക്കന്മാരെയും നിരന്തരം ദുഷിച്ചുകൊണ്ടിരിക്കുന്ന ഈ വിഭാഗം ചെയ്യുന്നത് സഭാവിരുദ്ധ പ്രവർത്തനങ്ങൾ തന്നെയാണ്. സഭയെ യഥാർഥത്തിൽ സ്നേഹിക്കുന്ന ആർക്കും ഇത് അംഗീകരിക്കാനാകില്ല. തലശേരി അതിരൂപതാധ്യക്ഷൻ എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കുപുറമെ, പരിശുദ്ധ പിതാവിന്റെയും സീറോമലബാർ മെത്രാൻസിനഡിന്റെയും തീരുമാന പ്രകാരമാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ അധികച്ചുമതല പിതാവ് വഹിക്കുന്നത്.
ക്രൈസ്തവമല്ലാത്ത സമരമാർഗങ്ങൾ വെടിഞ്ഞ് അനുരഞ്ജനത്തിന്റെയും അനുസരണത്തിന്റെയും അർഥപൂർണമായ ചർച്ചയുടെയും മാർഗത്തിലേക്ക് എല്ലാവരും കടന്നുവരണം. സഭാസംവിധാനങ്ങളെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽനിന്നും പിന്തിരിയണമെന്നും സീറോമലബാർ സഭ പിആർഒ ഫാ. ടോം ഓലിക്കരോട്ട് ആവശ്യപ്പെട്ടു.
Tags : struggle against Mar Pamplani