കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം. നടക്കാവ് പോലീസ് സ്റ്റേഷനിലെ സിപിഒ മിഥുൻ രാജിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടു. ഞായറാഴ്ച രാത്രി 11:30-ഓടെ മിഥുൻ രാജ് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഡ്യൂട്ടിക്ക് പോയ മിഥുൻ, പതിവുപോലെ വാതിലിന്റെ താക്കോൽ മുൻവശത്തെ മാറ്റിനടിയിലാണ് വച്ചിരുന്നത്. തിരികെ വന്നപ്പോൾ താക്കോൽ മാറ്റിന് മുകളിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നി അകത്തു കയറി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ മുറിയിലെ സ്വർണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.
വീട്ടിലെ മറ്റ് മുറികളിലും താഴത്തെ നിലയിലും സ്വർണം സൂക്ഷിച്ചിരുന്നെങ്കിലും അവയൊന്നും മോഷ്ടാക്കൾ എടുത്തിട്ടില്ല. വീട്ടുസാധനങ്ങൾ വലിച്ചുവാരിയിടാത്തതും സ്വർണം ഇരുന്ന സ്ഥലം കൃത്യമായി മനസിലാക്കി നടത്തിയ മോഷണവുമായതിനാൽ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് രണ്ടരയ്ക്കും രാത്രി പതിനൊന്നരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.