മലപ്പുറം: പാങ്ങ് ജിഎൽപി സ്കൂളിൽ ഇനി ശേഷിക്കുന്നത് മൂന്ന് അധ്യാപകരും ഒരു പ്യൂണും മാത്രം. ഒറ്റദിവസം കൊണ്ട് അനാഥമായിരിക്കുകയാണ് ഈ സ്കൂൾ.
പാങ്ങ് ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് സ്നേഹാക്ഷരങ്ങൾ പകർന്നുനൽകിയവരാണ് വാൽപ്പാറ ദുരന്തത്തിൽ പൊലിഞ്ഞത്. പ്യൂണ് ഗോപാലകൃഷ്ണൻ, എൽപി വിഭാഗം അധ്യാപിക ഹസ്നത്ത്, എൽകെജി അധ്യാപികമാരായ റസീന, യശോദ എന്നിവരാണ് ഇനിയുള്ളത്.
കുട്ടികളുമായും നാട്ടുകാരുമായുമൊക്കെ ഒരു കുടുംബംപോലെ സൗഹൃദത്തോടെ പെരുമാറുന്നവരാണ് ഈ സ്കൂളിലെ അധ്യാപകരെന്ന് സ്കൂളിന് തൊട്ടടുത്ത വീട്ടിലെ നാസർ കിളിവീട്ടിൽ വിതുന്പിക്കൊണ്ടു പറഞ്ഞു.
സമീപത്തെ വീടുകളിൽ എന്തു വിശേഷങ്ങളുണ്ടെങ്കിലും അധ്യാപകർ അവിടെയെത്തും. അത്രയ്ക്കും അടുപ്പമായിരുന്നു നാട്ടുകാരുമായി. വേനലവധിയാണെങ്കിലും ജോലി സംബന്ധമായ കാര്യങ്ങൾക്കടക്കം അധ്യാപകർ പലപ്പോഴും സ്കൂളിലേക്ക് വരാറുണ്ട്.
ഇതുപ്രകരം തിങ്കളാഴ്ച ബാക്കിയുള്ള ജോലികൾ തീർക്കാൻ സ്കൂളിലെത്താമെന്ന് അധ്യാപകർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്.
പാങ്ങ്: കളിചിരികളാൽ ശബ്ദമുഖരിതമായിരുന്ന ആ കലാലയം ഒരില വീണാലും അറിയുന്ന അത്രയും നിശബ്ദമായിരുന്നു. തങ്ങളുടെ പ്രിയ അധ്യാപികമാരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ടുനിൽക്കാനാകാതെ ഉള്ളം വിതുന്പിയതല്ലാതെ മറ്റൊന്നും ശബ്ദമായി പുറത്തുവന്നില്ല.
വാൽപ്പാറ അപകടത്തിൽ മരിച്ച അധ്യാപകരുടെ മൃതദേഹങ്ങൾ അതേ സ്കൂളിൽ തന്നെ പൊതുദർശനത്തിന് വച്ചപ്പോൾ മരവിച്ച മനസായിരുന്നു കണ്ടുനിന്നവർക്കെല്ലാം. പാങ്ങ് ഗവണ്മെന്റ് എൽപി സ്കൂളിലെ കുട്ടികൾക്ക് മരിച്ച ആശ ടീച്ചർ ഒരു അധ്യാപിക മാത്രമല്ലായിരുന്നു.
അവർക്ക് അമ്മയെ പോലൊരു സ്നേഹസാന്നിധ്യമായിരുന്നു. അക്ഷരങ്ങൾ പഠിപ്പിച്ചവർ മാത്രമല്ല, ജീവിതത്തിന്റെ നന്മയും കരുണയും പങ്കുവച്ചൊരു ഗുരുവായിരുന്നു അവർ. 15 വർഷത്തിലേറെയായി അധ്യാപന രംഗത്ത് സജീവമായ ആശ ടീച്ചർ, കലാ സാംസ്കാരിക രംഗത്തും സജീവമായിരുന്നു. മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം തുടങ്ങിയവയിൽ പ്രതിഭ തെളിയിച്ച കലാകാരിയാണ് അവർ.
സ്കൂൾ ആഘോഷങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ച് വേദിയിൽ തിളക്കമാർന്ന പ്രകടനങ്ങൾ സമ്മാനിച്ചിരുന്നത് അവർക്കൊരു സന്തോഷമായിരുന്നു. ഓരോ കുട്ടിയുടെയും മനസിൽ അവർ പഠിപ്പിച്ച അക്ഷരങ്ങൾ മാത്രമല്ല അവരുടെ സ്നേഹവും പതിഞ്ഞിരിക്കുന്നു. റിട്ടയേർഡ് എസ്ഐ ആയിരുന്ന ചന്ദ്രന്റെയും ചന്ദ്രമതിയുടെയും മകളായ ആശ ഒരു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു.
Tags : Pang School Valparai Accident