മല്ലികാ സുകുമാരൻ
തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായെന്ന് പറഞ്ഞ് മേയർ വി.വി. രാജേഷിനെ നടി മല്ലിക സുകുമാരൻ പ്രശംസിച്ചതിന് തൊട്ടുപിന്നാലെ പെയ്ത കനത്ത മഴയിൽ തലസ്ഥാനം വെള്ളത്തിലായി. ഒന്നര മണിക്കൂർ മാത്രം നീണ്ടുനിന്ന മഴയിൽ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം മുങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ മല്ലിക സുകുമാരനെതിരേ വ്യാപക ട്രോളുകളാണ് നിറയുന്നത്.
കഴിഞ്ഞ ദിവസം മേയറുടെ ഓഫീസിലെ കാർത്തിക ദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് നടി കോർപ്പറേഷൻ ഭരണസമിതിയെ പുകഴ്ത്തി രംഗത്തെത്തിയത്. തമ്പാനൂരിൽ വെള്ളം കെട്ടിനിൽക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും, തന്റെ വീടിന് പിന്നിലടക്കം ഉണ്ടായിരുന്ന വെള്ളക്കെട്ട് മേയറുടെ ആത്മാർഥമായ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടുവെന്നുമായിരുന്നു അവരുടെ പ്രതികരണം. കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ, വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച കനത്ത മഴയിൽ വെറും അരമണിക്കൂറിനുള്ളിൽ തമ്പാനൂരും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. റോഡുകളും നടപ്പാതകളും തിരിച്ചറിയാനാകാത്തവിധം വെള്ളം നിറഞ്ഞതോടെ ഗതാഗതം സ്തംഭിക്കുകയും കടകളിൽ വെള്ളം കയറുകയും ചെയ്തു. ആമയിഴഞ്ചാൻ തോട്ടിൽ നിന്നും ഓടകളിൽ നിന്നുമുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും റോഡിലൂടെ ഒഴുകിപ്പരന്നു. മുട്ടൊപ്പം ഉയർന്ന മലിനജലത്തിലൂടെ നടന്നാണ് യാത്രക്കാർ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും എത്തിയത്.
ഉച്ചയ്ക്ക് ഒന്നരയോടെ മഴ തോർന്നെങ്കിലും രണ്ടരയ്ക്ക് ശേഷമാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്. പൊലീസും കോർപ്പറേഷൻ ജീവനക്കാരും ചേർന്ന് ഓടകളിലെ തടസ്സങ്ങൾ നീക്കാൻ ശ്രമിച്ചെങ്കിലും വെള്ളക്കെട്ട് മണിക്കൂറുകളോളം തുടരുകയായിരുന്നു.
Tags : Mallika Sukumaran Thampanoor Thiruvananthapuram Flood Troll