കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അവളോടൊപ്പമല്ല അവന്‍മാര്‍ക്കൊപ്പം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നാട് മുഴുവന്‍ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍.
സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരേയുള്ള പരാതി പൂഴ്ത്തിവച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഗണേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട പിണറായി വിജയന്‍ ഇപ്പോഴത്തെ പ്രശ്‌നം കുടുംബപ്രശ്‌നമായി ഒതുക്കി. സ്ത്രീകളെ അപമാനിച്ചവരുടെ കൂടെയാണ് മുഖ്യമന്ത്രി. ചങ്കുപൊട്ടിയാണെങ്കിലും കര്‍ക്കശമായി തീരുമാനം എടുത്തയാളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേര് പറയാതെ വി.ഡി. സതീശന്‍ വ്യക്തമാക്കി.
'നാട് മുഴുവന്‍ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാല്‍ മതി പിണറായി വിജയന്‍. അപ്പോഴാണ് പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി പോലീസിന് കൊടുക്കാതെ പൂഴ്ത്തിവച്ച മുഖ്യമന്ത്രിയുടെ മുഖം അദ്ദേഹം കാണുകയുള്ളു. കൊല്ലം എംഎല്‍എയ്ക്ക് എതിരായി ഏക്ഷേപം വന്നിട്ടുണ്ട്. ഒരു അച്ചടക്ക നടപടി പോലും എടുക്കാത്ത പാര്‍ട്ടി നേതാവായ പിണറായി വിജയന്‍റെ മുഖവും അദ്ദേഹത്തിന് കണ്ണാടിയില്‍ കാണാം.'- സതീശൻ പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ കര്‍ക്കശമായ തീരുമാനം എടുത്തയാളാണ് ഞാന്‍. എന്‍റെ ചങ്കു പൊട്ടിയിട്ടുണ്ട്. എങ്കിലും കര്‍ക്കശമായ തീരുമാനം എടുത്തു. 2013ല്‍ ഗണേഷ് കുമാറുമായി ബന്ധപ്പെട്ടൊരു പ്രശ്‌നം ഉണ്ടായി. എല്ലാവരും പറഞ്ഞു കുടുംബ പ്രശ്‌നമാമെന്ന്.
അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയോട് ഗണേഷിനെ പുറത്താക്കണമെന്ന് പറഞ്ഞു. ഗണേഷിന്‍റെ രാജി ഉമ്മന്‍ചാണ്ടി എഴുതി വാങ്ങി. ഇപ്പോള്‍ അതിനേക്കാള്‍ വലിയ പ്രശ്‌നം ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആയതുകൊണ്ട് രാജി വയ്ക്കണ്ട ആവശ്യമില്ല, കുടുംബപ്രശ്‌നമാണെന്ന് പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
"2013ഉം 2026ഉം ഒന്നു കൂട്ടിവച്ചിട്ട് ഒന്നു കണ്ണാടി നോക്ക്. മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങള്‍ അവളോടൊപ്പമല്ല, നിങ്ങള്‍ അവന്‍മാരോടൊപ്പമാണ്. വൃത്തികേട് കാണിക്കുന്ന തോന്നിവാസം കാണിക്കുന്നവരോടൊപ്പമാണ്. അയ്യപ്പന്‍റെ സ്വര്‍ണം കക്കുന്നവരോടൊപ്പമാണ്. അയ്യപ്പന്‍റെ വിഗ്രഹം കട്ട, ദ്വാരപാലക ശില്‍പം വിറ്റ കവര്‍ച്ചക്കാരൊപ്പമാണ് നിങ്ങള്‍. സ്ത്രീകളെ അപമാനിച്ചവരുടെ കൂടെയാണ്'- വി.ഡി സതീശന്‍ പറഞ്ഞു.
Tags : VD Satheesan Pinarayi Vijayan Assembly Election