ചാലക്കുടി: അഞ്ചുലക്ഷം രൂപയുടെ വീസ തട്ടിപ്പുകേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർപ്രകാരം നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് കരുവന്തല മമ്മസ്രയില്ലത്ത് നിസ അബ്ദുൾ സലീം(50) ആണ് തൃശൂർ റൂറൽ പോലീസിന്റെ പിടിയിലായത്.
തിരുത്തിപ്പറന്പ് സ്വദേശി പുതിയപറന്പിൽ സ്റ്റേവിൻ പൗലോസിനു കാനഡയിലേക്കു വീസ ശരിയാക്കിനൽകാമെന്നു വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ അക്കൗണ്ട് വഴി വാങ്ങിയശേഷം വീസയോ കൊടുത്ത പണമോ നൽകാതെ തട്ടിപ്പുനടത്തിയ കേസിലാണ് അറസ്റ്റ്.
ഈ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിസ ഷാർജയിൽനിന്നു നെടുന്പാശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. പോലീസ് നെടുന്പാശേരിയിലെത്തി അറസ്റ്റ് ചെയ്ത് ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
എസ്ഐമാരായ ഒ.ജി. ഷാജു, എ.വി. ലാലു, സന്തോഷ്, ജിഎഎസ്ഐ രജിനി ജോസഫ്, വിനോദ്, സിപിഒ സജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Tags : Visa fraud Niza Abdul Salim Arrested Visa Fraud Arrested in Nedumbassery Airport