തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ശക്തിയുമായി വർഷങ്ങളുടെ പ്രതിഷേധം നയിച്ച് ഒടുവിൽ ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ കൂടിയായ മൂന്നാറിലെ എസ്. രാജേന്ദ്രൻ, ഫണ്ട് പിരിവിലെ അഴിമതി തുറന്നുകാട്ടിയിട്ടും ഫലം കാണാതെ പുസ്തകം എഴുതിയും തുറന്ന യുദ്ധങ്ങളുമായി പയ്യന്നൂരിൽ വി. കുഞ്ഞിക്കണ്ണൻ, ഏകോപന സമിതി രൂപീകരിച്ച് പാലക്കാട്ട് സംഘടിത വിമത ശബ്ദമായി മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശി..
ഒടുവിൽ ഇതാ കുട്ടനാടൻ കരുത്തിന്‍റെ പ്രതിഷേധവുമായി സംസ്ഥാനത്തെ ഏറ്റവും സീനിയർ നേതാവായ ജി. സുധാകരൻ പരസ്യമായി കൊടുങ്കാറ്റ് ഉയർത്തുമ്പോൾ രാഷ്ട്രീയ കേരളം ചോദിക്കുന്ന ചോദ്യം ഇതാണ് - ജി.എസ് എന്ന ജി. സുധാകരൻ മറ്റൊരു വി.എസ് ആകുമോ?
സിപിഎമ്മിൽ സമീപകാലത്തായി പ്രകടമായി പിടിമുറുക്കിയിരിക്കുന്ന ഏകാധിപത്യത്തിനും ഭരണപിന്തുണയുള്ള പിണറായിസത്തിനും എതിരെ ആരും ക മ എന്നു മിണ്ടാതെ നിൽക്കുമ്പോഴാണ് ഈ പ്രതിഷേധ പ്രതികരണങ്ങൾ ഉയരുന്നത്.
ഇന്നോവ കാറിനേയും ഭീഷണികളെയും പേടിച്ചും കീഴ്പ്പെട്ടും കഴിയുന്ന പാർട്ടിയിൽ വിമതൻ ആവുക എന്നർഥം കൈവിട്ട കളിയെന്നാണ്. എം.വി. രാഘവനും ഒ. ഭരതനും പി.വി. ചെറിയാനും കെ.ആർ. ഗൗരിയമ്മയും സി.കെ. പത്മനാഭനുമൊക്കെ വീണുപോയ പാതയിൽ പെടാതിരിക്കാനാണ് ബ്രാഞ്ച് തലം മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ളവർ ശ്രമിക്കുന്നത്.
എന്നാൽ പാർട്ടിയിൽ തിരുത്തലിനു സമയമായെന്നു മാത്രമല്ല എന്നേ തുടങ്ങേണ്ടതാണെന്ന് കരുതുന്നവർ അത്ര ന്യൂനപക്ഷം അല്ല. അവരുടെ വായകൾ മൂടപ്പെട്ടും കൈകൾ കെട്ടപ്പെട്ടും ആണ്. പലരും പാർട്ടിയോടുള്ള കൂറിൽ പഞ്ചപുച്‌ഛമടക്കി നിൽക്കുന്നവരാണ്.
പാർട്ടിയിലും ഭരണതലത്തിലും അടിമുതൽ ബാധിച്ച സ്വജനപക്ഷപാതിത്വം, ഏകാധിപത്യം, അഴിമതി, വർഗീയ പ്രീണനം, ആക്രമണ രാഷ്ട്രീയം, കുടുംബവാഴ്ച ഇവയോടെല്ലാം വലിയ പ്രതിഷേധം പലർക്കും ഉണ്ട്.
മരുമോൻ വാഴ്ചയ്ക്ക് വേണ്ടി യുവ നേതാക്കളെ സീറ്റ് നൽകാതെ ഒതുക്കുമ്പോൾ, റിക്കാർഡ് ഭൂരിപക്ഷം ജയിച്ചവർക്ക് സ്വന്തം മണ്ഡലം നൽകാതിരിക്കുമ്പോൾ, പ്രായവും ടേമും പറഞ്ഞ് മുതിർന്ന നേതാക്കളെ ഭൂരിഭാഗവും ഒഴിവാക്കുകയും ഒരാൾക്ക് മാത്രമായി അനുകൂലം നൽകുകയും ചെയ്യുമ്പോൾ പലരും മിണ്ടാതിരിക്കുന്നത് പേടി കലർന്ന പാർട്ടി കൂറുകൊണ്ട് തന്നെയാണ്.
അഴിമതി ബ്രാഞ്ച് തലമുതൽ പാർട്ടിയുടെ ഏറ്റവും ഉയർന്ന തലത്തിൽ വരെ എത്തി എന്ന് ഇവരെല്ലാം രഹസ്യമായി സമ്മതിക്കും.ഗവൺമെന്‍റ് ജീവനക്കാരുൾപ്പെടെയുള്ള സംഘടനാ, തൊഴിലാളി പ്രവർത്തകർക്കിടയിലും ഇതുതന്നെയാണ് അഭിപ്രായം.
സാധാരണക്കാരുടെ ശബ്ദം - വിഎസ് ആകുമ്പോൾ
എന്നാൽ പാർട്ടിയിലെ തിരുത്തലുകൾ ജനക്കൂട്ടത്തിന്‍റെ മുന്നിലെത്തിക്കുകയും സാധാരണക്കാരുടെ ശബ്ദം ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയുടെയൊക്കെ രൂപത്തിൽ (നീലേശ്വരം വി.എസ് ഓട്ടോ സ്റ്റാൻഡ്) മാറുകയും അതു ഉച്ചത്തിൽ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത വി.എസിന്‍റെ വഴി പാർട്ടിയിൽ വീണ്ടും മുഴങ്ങുമോ എന്നതാണ് ചോദ്യം.
ഉറപ്പിച്ചു പറയാൻ ആകില്ല. എന്നാൽ അടിത്തട്ടിലെ തിരുത്തലുകൾക്ക് ചില തിരമാലകൾ സൃഷ്ടിക്കാൻ പറ്റിയേക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കൂടിയായ പിന്നീട് ബ്രാഞ്ചിലേക്ക് മാറ്റപ്പെട്ട ജി സുധാകരന് തന്‍റെ മികച്ച പ്രതിച്ഛായ കൊണ്ടും ആലപ്പുഴ, കൊല്ലം ജില്ലകളിലെ പാർട്ടി പ്രവർത്തകരുടെ ഇടയിലെ സ്വാധീനം കൊണ്ടും നല്ല അനുരണനങ്ങൾക്ക് വഴിയൊരുക്കാനാകും.
അഴിമതിക്കെതിരെ പോരാട്ടം നടത്തിയ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള, സ്വന്തം സഹോദരന്‍റെ ജീവത്യാഗം കൊണ്ട് പാർട്ടിക്ക് രക്തസാക്ഷിത്വ അടിത്തറ നൽകിയ ജി.എസ് ഒരു മാറ്റത്തിന്‍റെ അമരത്തിൽ നിന്നാൽ അതൊരു ശുദ്ധികലശത്തിലേക്ക് അല്ലെങ്കിൽ വൻ പൊട്ടിത്തെറിയിലേക്ക് മാറാം. അതിനുള്ള ത്യാഗം ജീവിത മധ്യാഹ്നത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ ജി. സുധാകരൻ കാണിക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.
Tags : G Sudhakaran VS Achuthanandan CPIM