യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചരിത്രത്തിലെ വീരപുരുഷനാകുമോ? അതോ വലിയ സാമ്രാജ്യങ്ങളെ പരാജയത്തിലേക്കു നയിച്ച മണ്ടൻ ഏകാധിപതികളുടെ നീണ്ട പരമ്പരയിലേക്കു സ്വന്തം പേരു ചേർക്കുമോ? ഈ ദിവസങ്ങൾ അതിന്റെ ഉത്തരം നൽകും.
അന്ത്യശാസനങ്ങളും ഭീഷണികളുമായാണു യുദ്ധം നാലാമത്തെ ആഴ്ചയിലേക്കു കടന്നത്. 48 മണിക്കൂറിനകം ഹോർമുസ് കപ്പൽച്ചാൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ നശിപ്പിക്കുമെന്നു ട്രംപ് അന്ത്യശാസനം നൽകി. തങ്ങളുടെ വൈദ്യുതിനിലയങ്ങളെ തൊട്ടാൽ പശ്ചിമേഷ്യയിലെ എല്ലാ ഇന്ധന സംവിധാനങ്ങളും ജലസ്രോതസുകളും തകർക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി. എന്തും സംഭവിക്കാവുന്ന നില. യുദ്ധം ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ പക്ഷേ, അതിനു മുമ്പേ തുടങ്ങിയിരുന്നു.
നാലു രാജ്യങ്ങളും രണ്ടു ദൂതന്മാരും
സൗദി അറേബ്യ, ഈജിപ്ത്, തുർക്കി, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഈ നീക്കങ്ങൾക്കു പിന്നിൽ. യുഎഇയും ഒമാനും ഖത്തറുമൊക്കെ സഹകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആദ്യ നാലു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ സൗദി തലസ്ഥാനമായ റിയാദിൽ സമ്മേളിച്ചു. അവരുടെ മുഖ്യ ആലോചന ടെഹറാനിൽ ആരുമായി ആശയവിനിമയം നടത്തും എന്നതായിരുന്നു. പരമോന്നത ഭരണാധികാരി അലി ഖമനയ് കൊല്ലപ്പെട്ടു. പകരം അധികാരിയായി പ്രഖ്യാപിക്കപ്പെട്ട മകൻ മുജ്താബ ഖമനയ് പദവി ഏൽക്കാൻപോലും പറ്റാത്തത്ര അവശതയിലാണ്. ഉന്നതപദവികളിലെ കരുത്തരായ ഒട്ടുമിക്കവരും വധിക്കപ്പെട്ടു. ചൊവ്വാഴ്ച ഇറാനിലെ സുരക്ഷാ സമിതി സെക്രട്ടറിയും പാർലമെന്റിന്റെ മുൻ സ്പീക്കറുമായ അലി ലാറിജാനിയും വധിക്കപ്പെട്ടു. ഖമനയ്ക്കുശേഷം അദ്ദേഹമാണു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. പകരം ആര്?
പ്രസിഡന്റ് പെസെഷ്കിയാനോ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയോ സൈന്യത്തിനും ആഭ്യന്തര സുരക്ഷ നിയന്ത്രിക്കുന്ന ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറിനും (ഐആർജിസി) സ്വീകാര്യരല്ല.
സ്വീകാര്യനായി ഖാലിബാഫ്
ഈ അന്വേഷണം എത്തിയത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫിലാണ്. ഐആർജിസിയുടെ ഈ മുൻ തലവൻ സൈന്യത്തിനും സ്വീകാര്യൻ. ടെഹറാനിൽ മേയറായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചിട്ടുണ്ട്. അലി ഖമനയ്യുടെയും മകൻ മുജ്താബയുടെയും വിശ്വസ്തൻ. മുജ്താബ പരിക്കേറ്റ് അവശതയിലായതു മുതൽ പകരം ചുമതല വഹിക്കുന്ന ആൾ. കടുത്ത പാശ്ചാത്യവിരുദ്ധൻ; ഒപ്പം, പ്രായോഗികബുദ്ധിയും. അമേരിക്കയുമായി ചർച്ച നടത്താനും ആ ചർച്ചയിലെ ധാരണ ടെഹറാനിലെ പുരോഹിത മേധാവികളെക്കൊണ്ട് അംഗീകരിപ്പിക്കാനും കിട്ടാവുന്ന ഏറ്റവും നല്ല ആൾ. റിയാദിൽ സമ്മേളിച്ചവർ ഖാലിബാഫിനെ ബന്ധപ്പെട്ടു.
വെനസ്വേലയിൽ മഡുറോയുടെ വൈസ് പ്രസിഡന്റിനെ പകരം അധികാരിയാക്കിയതുപോലെ ഖമനയ്യുടെ ഒരു വിശ്വസ്തനെ ടെഹറാനിൽ അവരോധിക്കാൻ ട്രംപ് ആഗ്രഹിക്കുന്നു എന്നതു പരസ്യമായ രഹസ്യമാണ്. ഭരണമാറ്റം ആൾമാറ്റത്തിൽ ഒതുക്കുന്നതാണു ബുദ്ധി എന്ന് അദ്ദേഹം കരുതുന്നു. വെനസ്വെലയല്ല ഇറാൻ എന്നതും ഡെൽസി റോഡ്രിഗസ് അല്ല ഖാലിബാഫ് എന്നതും ട്രംപ് കാര്യമാക്കുന്നില്ല.
റിയാദിലെ ചർച്ചയെ 11,200 കിലോമീറ്റർ അകലെ അമേരിക്കയിൽ രണ്ടുപേർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ട്രംപിന്റെ മരുമകനും സീനിയർ ഉപദേഷ്ടാവുമായ ജാറെഡ് കുഷ്നറും ട്രംപിന്റെ വിശ്വസ്തനും പശ്ചിമേഷ്യയിലെ പ്രത്യേക പ്രതിനിധിയുമായ സ്റ്റീവ് വിറ്റ്കോഫും. ചർച്ചകൾ അടുത്ത ദിവസങ്ങളിൽ തുടർന്നു.
മുൻവിധികൾ തെറ്റും
അഞ്ചു ദിവസത്തേക്ക് ആക്രമണം നിർത്തിവച്ച അമേരിക്കയും ഇറാനും പാക്കിസ്ഥാനിൽ സമാധാന ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. ഇസ്ലാമാബാദിൽ നടക്കുമെന്നു കരുതുന്ന ചർച്ചയിൽ കുഷ്നറിനും വിറ്റ്കോഫിനും പുറമേ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പങ്കെടുക്കുമെങ്കിൽ നിർണായക ധാരണകൾ ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.
യുദ്ധം സമാധാനത്തിലേക്കു നീങ്ങുമെന്ന പ്രതീതി ഇതോടെ ഉണ്ടായിട്ടുണ്ട്. അതു സംഭവിച്ചാൽ എല്ലാവരുടെയും മുൻവിധികൾ തെറ്റായി എന്നു പറയേണ്ടിവരും. പശ്ചിമേഷ്യയിലെ എല്ലാ വിദേശ സൈനിക ഇടപെടലുകളും വർഷങ്ങൾ നീണ്ട യുദ്ധങ്ങളിലേക്കാണു പോയിട്ടുള്ളത്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടനും പഴയ റഷ്യൻ സാമ്രാജ്യവും 20-ാം നൂറ്റാണ്ടിൽ സോവ്യറ്റ് യൂണിയനും അമേരിക്കയും ഒക്കെ പലവട്ടം അത് അനുഭവിച്ചതാണ്. ആ ജാതകം തിരുത്തിക്കുറിക്കാൻ ട്രംപിനു കഴിഞ്ഞു എന്നാണെങ്കിൽ ചില്ലറക്കാര്യമല്ല സംഭവിച്ചത് എന്നു പറയണം.
നാണക്കേടിനു മറുപടി
‘യുദ്ധങ്ങളിൽ ചേരാത്ത അമേരിക്ക’ വാഗ്ദാനം ചെയ്തു വോട്ട് നേടിയ ട്രംപ് വാക്കു പാലിച്ചു എന്നാകും. അതിലുപരി 47 വർഷമായി അമേരിക്കൻ മേധാവിത്വത്തിനു വെല്ലുവിളിയായി നിലനിന്ന ഒരു ഭരണകൂടത്തെ മെരുക്കുകയോ തകർക്കുകയോ ചെയ്തയാൾ എന്ന പേരും അദ്ദേഹത്തിനു സ്വന്തമാകും. ജിമ്മി കാർട്ടർ പ്രസിഡന്റ് ആയിരുന്നപ്പോൾ (1979 നവംബർ നാലിന്) ടെഹ്റാനിലെ യുഎസ് എംബസി കൈയടക്കിയ ഇസ്ലാമിക് വിദ്യാർഥിസംഘം അതിലുണ്ടായിരുന്ന 52 പേരെ 444 ദിവസമാണ് ബന്ദികളാക്കിയത്. അന്നുമുതൽ അമേരിക്ക കൊണ്ടുനടക്കുന്ന നാണക്കേടിനു പകരം വീട്ടാൻ ട്രംപിനു കഴിഞ്ഞോ എന്നു ദിവസങ്ങൾക്കകം അറിയാം.
അതു നടന്നാൽ, യുഎസ് പ്രസിഡന്റുമാരായ റോണൾഡ് റെയ്ഗനും പിതാവ് ബുഷിനും മകൻ ബുഷിനും ബിൽ ക്ലിന്റണും ബറാക് ഒബാമയ്ക്കും ജോ ബൈഡനും കഴിയാത്തതു സാധിച്ചു എന്ന് അഭിമാനിക്കാനും ട്രംപിനു കഴിയും. യുദ്ധത്തിനു പുറപ്പെട്ടതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളെ മറികടക്കാനും കഴിയും. മാഗാ (Make America Great Again) പ്രസ്ഥാനത്തിൽനിന്ന് ഇതിന്റെ പേരിൽ പിണങ്ങിയ ടക്കർ കാൾസൺ അടക്കമുള്ളവരെ അപ്രസക്തരാക്കാനും സാധിക്കും.
യുദ്ധം നീണ്ടാൽ കുതിച്ചുയരുന്ന എണ്ണവില ആദ്യം വിലക്കയറ്റംകൊണ്ടും പിന്നെ ഉയർന്ന പലിശ വഴിയും ഒടുവിൽ സാമ്പത്തികമാന്ദ്യം വഴിയും ലോകത്തിനു മുഴുവൻ ദുരവസ്ഥ ഒരുക്കുമായിരുന്നു. അങ്ങനെവന്നാൽ നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കന്മാർ തോറ്റു തുന്നംപാടും. അത് ഒഴിവാക്കാൻ യുദ്ധം വേഗം തീർക്കേണ്ടത് ട്രംപിന്റെകൂടി ആവശ്യമാണ്.
ക്യാമ്പ് ഡേവിഡ് പോലെ
ഇപ്പോൾ യുഎസിനു തുറന്നുകിട്ടിയിരിക്കുന്നത് വലിയ അവസരമാണ്. ഇറാനുമായി സന്ധി ഉണ്ടാക്കി അവരുടെ സംഹാരശേഷി ഇല്ലാതാക്കുകയും അവരെ പശ്ചിമേഷ്യൻ പൊതുധാരയിലേക്കു തിരികെ പ്രവേശിപ്പിക്കുകയും ചെയ്യാനുള്ള അപൂർവ അവസരം. അത് ഇസ്രയേലിന്റെ നിലനിൽപ്പും ഉറപ്പ് വരുത്തും. 1978ലെ ക്യാമ്പ് ഡേവിഡ് ചർച്ചകൾ ഇസ്രയേലും ഈജിപ്തുമായി സന്ധിയിലേക്കു നയിച്ചതുപോലൊന്ന് ട്രംപിനു പ്രതീക്ഷിക്കാം. ഇപ്പോഴത്തെ നാശനഷ്ടങ്ങൾക്ക് നടുവിൽ, ഭരണത്തലവൻ പോലുമില്ലാത്ത സാഹചര്യത്തിൽ ഇറാൻ അങ്ങനെയൊരു സന്ധിക്കു വഴങ്ങിയേക്കാം.
ട്രംപ് തിങ്കളാഴ്ച നടത്തിയ പ്രസ്താവനകളിൽനിന്നു വായിച്ചെടുക്കാവുന്ന ചില കാര്യങ്ങളുണ്ട്. താഴെപ്പറയുന്ന ഉപാധികൾ ട്രംപ് വയ്ക്കുന്നു.
ഒന്ന്: ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച 440 കിലോഗ്രാം യുറേനിയം അമേരിക്കയ്ക്കു നൽകണം.
രണ്ട്: ഇറാൻ ആണവ സമ്പുഷ്ടീകരണവും മിസൈൽ വികസനവും നിർത്തിവയ്ക്കണം.
മൂന്ന്: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയും ഇറാനും സംയുക്തമായി നടത്തുന്ന സംവിധാനം ഉണ്ടാക്കണം.
യുദ്ധനാശങ്ങൾക്കു നഷ്ടപരിഹാരം എന്ന ഇറാന്റെ ഉപാധിയെ ട്രംപ് പരാമർശിച്ചില്ല. സൂയസ് കനാലിൽ ഈജിപ്ത് ടോൾ പിരിക്കുന്നതുപോലെ ഹോർമുസിൽ ടോളിനുള്ള ഇറാന്റെ ആഗ്രഹത്തെയും ട്രംപ് അംഗീകരിക്കുന്നില്ല.
ഭൂഖണ്ഡാന്തര മിസൈലും
ഇറാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയും ആർജിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് 1,800 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഇന്ത്യാ സമുദ്രത്തിലുള്ള ഡിയേഗോ ഗാർസ്യയിലേക്ക് ഇറാൻ കഴിഞ്ഞയാഴ്ച രണ്ടു മിസൈലുകൾ അയച്ചു. ഒന്ന് പരാജയപ്പെട്ടു, ഒന്നിനെ വീഴ്ത്തി. ഇറാനിൽനിന്ന് 4,000 കിലോമീറ്റർ തെക്കുള്ള ഈ ദ്വീപസമൂഹത്തിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സേനാതാവളങ്ങൾ ഉണ്ട്. 4,000 കിലോമീറ്റർ പോകാവുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഇറാന് ഉണ്ടെന്നതിന്റെ ആദ്യ തെളിവാണിത്. റോം, പാരീസ്, ബർലിൻ തുടങ്ങിയ യൂറോപ്യൻ തലസ്ഥാനങ്ങളിലേക്കു മിസൈൽ തൊടുക്കാൻ ഇറാനു കഴിയും എന്ന് ഇതു കാണിക്കുന്നു. ഈ ശേഷി ഇല്ലാതാക്കുന്നില്ലെങ്കിൽ ഇറാൻ എന്നും ഭീഷണിയായി തുടരും എന്ന് ഗൾഫ് രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളും കരുതുന്നു. ആണവ, മിസൈൽ ഭീഷണികൾ ഇല്ലാതാക്കുമ്പോഴേ ഇറാൻ യുദ്ധം വിജയമായി മാറൂ. സഖ്യസേന 24 ദിവസം നടത്തിയ സംഹാരതാണ്ഡവം അത്രയുമൊക്കെ വഴങ്ങാൻ ഇറാനെ പ്രേരിപ്പിക്കുമോ എന്നാണ് അറിയേണ്ടത്.
ഈ നീക്കങ്ങൾ ട്രംപ് ഉദ്ദേശിച്ചതുപോലെ അവസാനിച്ചാൽ മറ്റൊരു കാര്യം ഉറപ്പാകും. ഇറാനിലും പരിസര രാജ്യങ്ങളിലും റഷ്യൻ, ചൈനീസ് സ്വാധീനം കുറയും. ഇറാൻ ചൈനയുടെ വലിയ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. റഷ്യ ഇറാന്റെ വലിയ മിത്രമാണ്. ആണവനിലയങ്ങൾ, മിസൈൽ നിർമാണം, ഡ്രോൺ നിർമാണം തുടങ്ങിയവയിൽ സഹകരിക്കുന്നുമുണ്ട്. ട്രംപ് പറയുന്ന തരം സന്ധി ഉണ്ടായാൽ രണ്ടു രാജ്യങ്ങളുടെയും ടെഹറാനിലെ കസേരകൾ കാലിയാക്കേണ്ടി വരും. അതു വരുത്തുന്ന ഭൗമരാഷ്ട്രീയ മാറ്റങ്ങൾ ചില്ലറയല്ല. പാനമ കനാലിൽനിന്നു ചൈനീസ് കമ്പനിയെ പുറത്താക്കിച്ച ട്രംപ് ചരക്കുനീക്കത്തിന്റെമേൽ മറ്റാരെങ്കിലും നിയന്ത്രണം വഹിക്കുന്നത് സഹിക്കില്ല.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസിയും തുർക്കി പ്രസിഡന്റ് എർദോഗാനും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും പാക് സേനാധിപൻ ഫീൽഡ് മാർഷൽ മുനീറും പല ഘട്ടങ്ങളിൽ പല ഇടപെടലുകൾ നടത്തി.
തുർക്കി നാറ്റാേ അംഗമാണെങ്കിലും ഇറാനോടും റഷ്യയോടും വളരെ അടുപ്പത്തിലുള്ള രാജ്യമാണ്. ഈജിപ്ത് അറബിരാജ്യങ്ങൾക്കു വിശ്വാസമുള്ള പങ്കാളിയാണ്. ഇറാൻ കഴിഞ്ഞാൽ ഏറ്റവുമധികം ഷിയാ മുസ്ലിംകൾ ഉള്ള രാജ്യമായ പാക്കിസ്ഥാന് ഇറാനുമായി 570 കിലോമീറ്റർ അതിർത്തി ഉണ്ട്. സൗദി അറേബ്യയുമായി സൈനിക സഖ്യകരാറും ഉണ്ട്.
ഈ ചർച്ചകൾ ശനിയാഴ്ച ട്രംപിന്റെ അന്ത്യശാസനത്തെ തുടർന്നു ചൂടുപിടിച്ചു. ഞായറാഴ്ച മുഴുവൻ പശ്ചിമേഷ്യയിലെ നയതന്ത്ര ലൈനുകൾ തിരക്കിലായിരുന്നു. പശ്ചിമേഷ്യയിൽ പാതിരാവായപ്പോഴും ചർച്ചകൾ തുടർന്നു. പിറ്റേന്ന് അമേരിക്കയിലെ പ്രഭാതത്തിൽ തന്റെ അന്ത്യശാസന കാലാവധി അഞ്ചുദിവസംകൂടി നീട്ടുന്നു എന്ന് ട്രംപ് പ്രഖ്യാപിച്ചു. ലോകം വലിയ ആശ്വാസത്തിലായി.
Tags : Trump West Asian Conflict Middle East War Iran US