2010 ഫെബ്രുവരി 10,14,18 തീയതികളില്‍ പെരുമാട്ടി പഞ്ചായത്ത് വണ്ടിത്താവളത്തെ നെടുമ്പള്ളത്ത് തുടര്‍ ഭൂചലനങ്ങളും വീടുകള്‍ വിണ്ടുകീറുകയും കിണറുകളില്‍ തിരയിളക്കവും അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 2.8, 2.9 രേഖപ്പെടുത്തിയ ഭൂചലനമാണെന്നു പിന്നീട് വെളിപ്പെട്ടു. തുടര്‍ന്ന് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ അതീവജാഗ്രത വേണമെന്നു 2010 ഓഗസ്റ്റ് 10ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതിന്റെ തുടര്‍ച്ചയെന്നോണം ജില്ലയിലെ 24 വില്ലേജ് കേന്ദ്രങ്ങളില്‍ പ്രകൃതിദുരന്തം അറിയിക്കാനായി ഏര്‍ലി വാണിംഗ് സിസ്റ്റവും സ്ഥാപിച്ചു.
2000 ജൂലൈ 14ന് പറമ്പിക്കുളം ടോപ്സ്ലിപ്പില് പാറ ഉരുകി ഒലിച്ചതുപോലെ കാണപ്പെട്ടു. 2005 മേയ് ആറിനു വൈകുന്നേരം നാലിന് എലപ്പുള്ളി കാക്കത്തോട് ചങ്കുചക്രപ്പാറ ഭയങ്കര ശബ്ദത്തോടെ വിണ്ടുകീറി. മറ്റൊരു പ്രതിഭാസമാണ് നെല്ലിമേട് കമ്പാലത്തറ ഡാമില്‍ കാണപ്പെടുന്ന ലാവയ്ക്കു സമാനമായ കൂടിക്കിടക്കുന്ന കല്ലുകള്‍. പാലക്കാട്ട് കിഴക്കൻമേഖലയിൽ ജനുവരി- ഫെബ്രുവരിയോടെ വരൾച്ച തുടങ്ങും. പത്തുവർഷത്തിനിടെ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും ചൂടുകൂടിയ പ്രദേശങ്ങളിലൊന്നായി മാറി.
ഭൂഗർഭജല ചൂഷണം
കേരളത്തിൽതന്നെ കൂടിയ താപനിലയും വരൾച്ചയും രേഖപ്പെടുന്ന പ്രദേശമാണിന്ന് ചിറ്റൂർ കിഴക്കൻമേഖല. വരൾച്ച രൂക്ഷമാകുന്പോൾ പുറത്തു വരുന്നൊരു കണക്കുണ്ട്. ഒരുകിലോ നെല്ല് കൃഷിചെയ്ത് ഉത്പാദിപ്പിക്കാൻ ഏകദേശം 9000 ലിറ്റർ വെള്ളം ആവശ്യമാണ്.- അതാണത്രേ വരൾച്ചയ്ക്കു കാരണമാകുന്നത്. 1990 കാലഘട്ടം- ലോകരാഷ്ട്രങ്ങൾ ഭൂഗർഭജലം കണ്ടെത്താൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു തുടങ്ങിയ കാലം. അന്ന് രാജ്യത്തുതന്നെ ഏറ്റവുമധികം ഭൂഗർഭജലമുണ്ടായിരുന്ന പ്രദേശമായിരുന്നു പാലക്കാടൻ ചുരം. പിന്നീട് വർഷങ്ങൾക്കകം സ്ഥിതിയാകെ മാറി. ഭൂഗർഭജലം ഏറ്റവുമധികം ചൂഷണം ചെയ്യപ്പെട്ട പ്രദേശമായി കിഴക്കൻമേഖല ഉൾപ്പെടുന്ന ഈ പ്രദേശംമാറി.
കേരളത്തിൽ ആദ്യമായി കുഴൽകിണർ കുഴിക്കുന്നതിനു സർക്കാർ നിയന്ത്രണം കൊണ്ടുവന്നതും ചിറ്റൂർ ബ്ലോക്കിൽ. ചിറ്റൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് എലപ്പുള്ളിയും പൊൽപ്പുള്ളിയുമെല്ലാം. കഴിഞ്ഞ മുപ്പതു വർഷത്തിനിടെ ഏറ്റവു മധികം ഭൂഗർഭജലമുണ്ടായിരുന്ന പ്രദേശം ഏറ്റവും കുറഞ്ഞ ഭൂഗർഭജലമുള്ള പ്രദേശമായി മാറുന്നതിനു പിന്നിൽ കാലാവസ്ഥാ വ്യതിയാനം മാത്രമല്ലെന്നു വേണം വിലയിരുത്താൻ. അതിനു പിന്നിൽ മനുഷ്യന്റെ, സർക്കാരിന്റെ, അധികാരികകളുടെ കറുത്തകരങ്ങൾ കൂടിയുണ്ട്.
കിഴക്കൻമേഖലയുടെ ഭൂഗർഭജല ചൂഷണത്തിനു മറ്റൊരു കാരണംകൂടി കണ്ടെത്താം. 1992 മുതൽ 27 ചന്ദനഫാക്ടറികളാണ് മേഖലയിൽ പ്രവർത്തിച്ചത്. ചന്ദനക്കൊളളക്കാരെ നിയന്ത്രണത്തിലാക്കുംവരെ കന്പനികൾ ഏറെക്കാലം പ്രവർത്തിച്ചു. കന്പനികളിൽ എത്ര കുഴൽകിണറുകളുണ്ടായിരുന്നെന്നുപോലും പുറംലോകം അറിഞ്ഞില്ല. 1000 കിലോ ചന്ദനമുട്ടി സംസ്കരിച്ചാൽ 40 ലിറ്റർ തൈലമാണ് ലഭിക്കുക. ഒരുകിലോ ചന്ദനമുട്ടി തൈലമാക്കാൻ വേണ്ടതു 12,000 ലിറ്റർ വെള്ളം. കിഴക്കൻമേഖലയിൽ ചന്ദനഫാക്ടറികൾ കൊഴുത്തുതളിർത്തപ്പോൾ ഊറ്റിയെടുത്ത ഭൂഗർഭജലത്തിനു കണക്കില്ല.
ഇവിടെ നിലവിൽ നിയമമുണ്ട്
പാലക്കാട് ജില്ലയിലെ നാലു താലൂക്കുകളിൽ പ്രാബല്യത്തിലുള്ള ഒരു നിയമമുണ്ട്. ക്ഷീരകർഷകരടക്കമുള്ളവർ പശുവിനു തീറ്റപ്പുല്ലു കൃഷിചെയ്യാൻ അയ്യായിരം ലിറ്റർ ഭൂഗർഭജലം മാത്രമേ ഉപയോഗിക്കാവൂ എന്നാണത്. ചിറ്റൂർ, പാലക്കാട്, ആലത്തൂർ, മണ്ണാർക്കാട് താലൂക്കുകളിലാണ് ഈ പ്രത്യക്ഷനിയമം പ്രാബല്യത്തിലുള്ളത്. കഴിഞ്ഞ വർഷം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പഠനത്തിന്റെ ഭാഗമായാണ് ഈ നിയമം നിലവിൽവന്നത്. അതിതീവ്ര ഭൂഗർജല വിനിയോഗത്തിന്റെ പശ്ചാത്തലത്തിൽ ഹൈലി ഓവർ എക്സ്പ്ലോയിറ്റഡ് ഗ്രൗണ്ട് വാട്ടർ റെഡ് ബെൽറ്റ് പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ഈ തീരുമാനം. 2024 മാർച്ചിൽ നിയമം നിലവിൽവന്നെങ്കിലും കർഷകപ്രതിഷേധത്തെ തുടർന്ന് നിയമം രണ്ടു മാസം മരവിപ്പിച്ചു. പിന്നീടത് ഓഗസ്റ്റിൽ പുനഃസ്ഥാപിച്ചു.
കർഷകർ കൃഷിയിടത്തിൽ ഭൂഗർഭജല വിനിയോഗം കണക്കാക്കാൻ ഫ്ലോമീറ്ററുകൾ സ്ഥാപിച്ച് ഭരണകൂടത്തിനൊപ്പംനിന്നു. കർഷകരെ ബോധവത്കരിക്കാനും ജലശോഷണം കുറയ്ക്കാനും ഇവിടെ ശ്രദ്ധചെലുത്തിയ അധികാരികൾ പക്ഷെ, എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ പ്രതികരിക്കുന്നില്ല. ഭൂഗർഭജലദൗർലഭ്യമുള്ള പ്രദേശമായ എലപ്പുള്ളിയിലാണ് ബ്രൂവറിക്കായി സർക്കാർ നേരിട്ട് രംഗത്തെത്തുന്നത്.
കർഷകർക്കുപോലും അയ്യായിരം ലിറ്റർമാത്രം വെള്ളമെടുക്കാൻ ഇവിടത്തെ നിയമം അനുശാസിക്കുന്പോൾ ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമൂറ്റുന്ന ബ്രൂവറി കന്പനികൾക്ക് എങ്ങനെ വെള്ളമെടുക്കാൻ നിയമം പരിരക്ഷ നൽകുമെന്ന ചോദ്യമുയരുന്നു. ഒരുകാര്യമുറപ്പാണ് നിയമമല്ല, നിയമപരിപാലകരാണ് ഇവിടത്തെ പ്രശ്നം.
എന്തിനാണ് പുതിയ നിയമം
ഭൂഗർഭജല ചൂഷണം സംബന്ധിച്ച് പുതിയ നിയമങ്ങളൊന്നും സർക്കാർ പാസാക്കേണ്ടതില്ല. നിർദേശങ്ങളല്ല, നിരവധി സർക്കാർ ഉത്തരവുകൾ ഇന്നു നിലവിലുണ്ട്. ജില്ലാ ദുരന്തനിവാരണ സേനയുടെ പഠനറിപ്പോർട്ടുകളെല്ലാം സർക്കാർ ഉത്തരവായി 2015ൽ പുറത്തിറങ്ങിയിട്ടുണ്ട്. പ്രത്യേകം ഓർക്കണം ഇതു പഠനറിപ്പോർട്ടുകളോ മുന്നറിയിപ്പുകളോ മാത്രമല്ല, സർക്കാർ ഉത്തരവുകളടങ്ങുന്ന 296 പേജ് പുസ്തകമാണ്. ജലദൗർലഭ്യം സംബന്ധിച്ച് കോടികൾ മുടക്കിയുള്ള പുതിയ സർക്കാർ പഠനങ്ങൾ ഇവിടെ ആവശ്യമില്ല. 2011 മുതൽ 14 വരെയുള്ള കാലയളവിൽ ഇവിടെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അതിൻപ്രകാരമാണ് അതിതീവ്ര ഗുരുതരമേഖലയായി പ്രഖ്യാപിച്ചതും.
പാലക്കാട് ജില്ലയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ- 2015 എന്ന 296 പേജ് പുസ്തകത്തിൽ ആസന്നമായ പ്രകൃതി ദുരന്തങ്ങളെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഡിസാസ്റ്റർ മാനേജ്മെന്റ് കലണ്ടറാണ് ഇതിൽ പ്രധാനം.
വരുംകാലങ്ങളിൽ ഓരോമാസവും പ്രതീക്ഷിക്കാവുന്ന കാലാവസ്ഥ, മിന്നൽ, പ്രളയം, തടയണത്തകർച്ച, ഉരുൾപൊട്ടൽ എന്നിവയടക്കമുള്ള സീസൺ ദുരന്തങ്ങൾ ഇതിൽ വിവരിക്കുന്നു. രേഖകളിൽ ഏറെ ആശങ്കപ്പെടുത്തുന്ന രണ്ടു കാര്യങ്ങളാണ് ഭൂകന്പവും ഡാംതകർച്ചയും. വരുംവർഷങ്ങളിൽ പന്ത്രണ്ടുമാസവും ഭൂകന്പത്തെയും ഡാംതകർച്ചയെയും പ്രതീക്ഷിച്ചിരിക്കണമെന്ന പ്രത്യേക മുന്നറിയിപ്പാണ് ഈ സർക്കാർരേഖ 2015മുതൽ നൽകുന്നത്. വലിയൊരു ഭൂകന്പം നൂറു വർഷങ്ങൾക്കിപ്പുറം വരാമെന്നതുതന്നെയാണ് രേഖകളിലുള്ളത്. പക്ഷെ, ചേർത്തുവായിക്കേണ്ട മറ്റൊരു കാര്യമുണ്ട്. 1900ൽ വലിയൊരു ഭൂകന്പമുണ്ടായപ്പോൾ പാലക്കാട്ട് ഡാമുകളുണ്ടായിരുന്നില്ല. ഇപ്പോൾ മലന്പുഴയടക്കം വലുതും ചെറുതുമായ പതിനൊന്നു ഡാമുകൾ ജില്ലയിലുണ്ട്. ഭൂകന്പത്തിനു പിന്നാലെ ഡാമുകളിലും അപകടം പതിയിരിക്കുന്നുവെന്ന് ഓരോരുത്തരും അറിഞ്ഞിരിക്കണം.
(തുടരം... നാളെ ആത്മാർഥത എത്രത്തോളം...)
പണ്ടത്തെ തമിഴ് സംഘകാല ചരിത്രത്തിൽ പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പാലക്കാട്. പാലമരങ്ങളുടേതല്ല പനമരങ്ങളുടെ നാടാണ് പാലക്കാട്. സംഘകാലത്തിൽ പ്രതിപാദിച്ചിട്ടുള്ള അഞ്ചു ഭൂപ്രദേശങ്ങളാണ് മുല്ലൈ, മരുതം, നെയ്തൽ, കുറുഞ്ചി, പാലൈനിലം എന്നിവ. ഇതിൽ പാലൈനിലം എന്ന സമീകൃത ഭൂപ്രദേശത്തിൽ പെടുന്നവയാണ് പാലക്കാടൻ ഭൂപ്രദേശം. അതായത് കൃഷിക്കും മനുഷ്യജീവിതത്തിനും ഇണങ്ങിയ മണ്ണും വെള്ളവും വളവും അടങ്ങിയ പ്രകൃതിസൗഹൃദ പ്രദേശമെന്നർഥം.
“കുറഞ്ഞ തോതിലും ക്രമരഹിതവുമായ മഴയാണ് ലഭിക്കുന്നതെങ്കിലും ഈ പ്രദേശത്തിനു കാർഷിക വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കാനാകും. അനുകൂലമായ ഭൂപ്രദേശം, മണ്ണിന്റെ ക്രിയാശീലത എന്നിവയാണ് സാധ്യതകളിൽ പ്രധാനം. ജൈവാശം കുറവാണെങ്കിലും ജലവും പോഷകങ്ങളും നിലനിർത്താനുള്ള ഉയർന്ന ശേഷി, ക്ഷാരമൂലകങ്ങൾ എന്നിവ കാരണം കുന്നിൻപ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും ഏറെ ഫലഭൂയിഷ്ടമായി കണക്കാക്കപ്പെടുന്നു’’.
പാലക്കാട് ജില്ലയുടെ കിഴക്കൻമേഖലയെക്കുറിച്ച് സംസ്ഥാന കൃഷിവകുപ്പിന്റെ റിപ്പോർട്ടിലുള്ളതാണ് ഈ പരാമർശം.
കാർഷിക കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടു 2021ൽ തൃശൂർ മണ്ണുത്തി കേരള കാർഷിക സർവകലാശാല പുറത്തുവിട്ട പഠനറിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്.
പക്ഷെ വർഷങ്ങൾക്കിപ്പുറം പരിശോധിച്ചാൽ വരൾച്ചയുടെ പിടിയിലമരുന്ന കേരളത്തിലെ ആദ്യപ്രദേശവും വരൾച്ചമൂലം കൃഷിനാശം കൂടുതൽ റിപ്പോർട്ടു ചെയ്യപ്പെടുന്നതും ഈ മേഖലയാണ്.