കേരള രാഷ്ട്രീയത്തില്‍ കെ. കരുണാകരന്റെ വാഴ്ചയും വീഴ്ചയും കണ്ട കാലയളവായിരുന്നു ഒമ്പതാം നിയമസഭയുടേത്. ഭരണത്തുടര്‍ച്ച നേടുന്നതിനായി പത്തു മാസം മുമ്പേ നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു നടത്തിയ ഇടതുമുന്നണിക്ക് രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ കാലിടറി. യുഡിഎഫ് 90 സീറ്റോടെ അധികാരത്തിലെത്തി. കോണ്‍ഗ്രസ് 55 സീറ്റ് നേടി മികച്ച പ്രകടനം നടത്തി. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും യുഡിഎഫ് മികവു കാട്ടി. ആകെയുള്ള 20 സീറ്റില്‍ യുഡിഎഫ് 16 ഇടത്തും വിജയിച്ചു.
ദേശീയ രാഷ്ട്രീയത്തില്‍ കിംഗ് മേക്കറുടെ റോളിലായിരുന്നു അന്നു ലീഡര്‍ കെ. കരുണാകരന്. തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്നു കേന്ദ്രത്തില്‍ പി.വി. നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ കരുണാകരന് നിര്‍ണായകപങ്കാണു വഹിച്ചത്. എന്നാല്‍, ഉഗ്രപ്രതാപിയായിരുന്ന കരുണാകരന്റെ അസ്തമനത്തിന്റെ തുടക്കവും ഇതേ കാലയളവില്‍ ആരംഭിച്ചു.
1991 ജൂണ്‍ 24ന് കെ. കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു. അടുത്ത വര്‍ഷം ജൂണ്‍ രണ്ടിനു കഴക്കൂട്ടത്തുവച്ചുണ്ടായ കാറപകടത്തില്‍ കരുണാകരനു ഗുരുതരമായി പരിക്കേറ്റു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമായ സംഭവമായി മാറി ഇത്. വിദഗ്ധ ചികിത്സയ്ക്കായി കരുണാകരനെ അമേരിക്കയിലേക്കു കൊണ്ടുപോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല മന്ത്രി സി.വി. പദ്മരാജനും സഭാനേതാവിന്റെ ചുമതല മന്ത്രി ഉമ്മന്‍ ചാണ്ടിക്കും വീതിച്ചു നല്കി. കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയ്ക്കു വഴി തെളിച്ച സംഭവമായിരുന്നു അത്.
കരുണാകരനെതിരേ നീക്കങ്ങള്‍;പ്രക്ഷുബ്ധമായി കോണ്‍ഗ്രസ് രാഷ്ട്രീയം
ഇതിനിടെ കരുണാകരന്റെ അനുയായികള്‍ക്കിടയില്‍ അസംതൃപ്തി വളര്‍ന്നുവരികയായിരുന്നു. ലീഡര്‍ തന്റെ പിന്‍ഗാമിയായി മകന് കെ. മുരളീധരനെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അസ്വസ്ഥരായി ജി. കാര്ത്തികേയന്, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് തുടങ്ങി കരുണാകരന് വളര്‍ത്തിക്കൊണ്ടുവന്ന യുവനേതാക്കള്‍ തിരുത്തല്‍വാദ പ്രസ്ഥാനവുമായി കരുണാകരനില്നിന്നകന്നു.
ഇതിനിടെ ചാരക്കേസും പാമോയില്‍ കേസും കേരള രാഷ്ട്രീയത്തെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും കലുഷിതമാക്കി. ആന്റണി പക്ഷം കരുണാകരനെതിരേ പരസ്യമായി തിരിഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഡോ. എം.എ. കുട്ടപ്പനു സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 1994 ജൂണ്‍ 16നു രാജിവച്ചു. പിന്നാലെ കരുണാകരന്റെ രാജി ആവശ്യവും ഉയര്‍ന്നുതുടങ്ങി.
കരുണാകരന് ഇറങ്ങി, ആന്റണി കയറി
എ ഗ്രൂപ്പ് കരുണാകരനെതിരേ പരസ്യയുദ്ധം പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ കരുണാകരനായിരുന്നു ഭൂരിപക്ഷം. എന്നാല്‍, മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള മിക്ക ഘടകകക്ഷികളും കരുണാകരനെതിരേ തിരിഞ്ഞതോടെ അദ്ദേഹത്തിനു പിടിച്ചുനില്ക്കാന് കഴിയാതായി. ഒടുവില്‍ ഹൈക്കമാന്‍ഡും കൈവിട്ടതോടെ 1995 മാര്‍ച്ച് 16ന് കരുണാകരന് രാജിവച്ചു.
തിരുവനന്തപുരത്തു ഗാന്ധിപാര്‍ക്കില്‍ വിളിച്ചുചേര്‍ത്ത പൊതുസമ്മേളനത്തിലായിരുന്നു കരുണാകരന് രാജി പ്രഖ്യാപിച്ചത്. കരുണാകരനു പിന്നാലെ എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്പീക്കറായിരുന്ന പി.പി. തങ്കച്ചന് മന്ത്രിസഭയില്‍ ചേര്‍ന്നു. തേറമ്പില്‍ രാമകൃഷ്ണന് സ്പീക്കറായി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചതിനു ശേഷം കരുണാകരന് കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നു.
അധികാരം വികേന്ദ്രീകരിക്കപ്പെടുന്നു
എഴുപത്തിമൂന്നാമതു ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് രാജ്, നഗരപാലിക നിയമം പാസാക്കി ത്രിതല പഞ്ചായത്ത് സമ്പ്രദായം നടപ്പിലാക്കിയതായിരുന്നു ഈ സര്‍ക്കാരന്റെ കാലത്തെ പ്രധാന ഭരണനടപടി.
ഇതിനായി പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങള്‍ 1994 ഏപ്രിലില്‍ നിയമസഭ പാസാക്കി. നിയമത്തേക്കുറിച്ചു നിയമസഭാംഗങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ആയിരുന്ന സിറിയക് ജോസഫിനെ വിളിച്ചു വരുത്തിയത് കേരള നിയമസഭയുടെ ചരിത്രത്തിലെ അപൂര്‍വ സംഭവമായിരുന്നു.
സിറിയക് ജോസഫ് പിന്നീട് സുപ്രീംകോടതി ജഡ്ജിയായി.1995 ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തില്‍ കേരളത്തിലെ ആയിരക്കണക്കിനു പഞ്ചായത്ത് സ്ഥാപനങ്ങളില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ഇതോടെ പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്കു വിപുലമായ അധികാരങ്ങളും കൈമാറി. കേരളത്തിന്റെ അധികാരവികേന്ദ്രീകരണ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിവയ്ക്കുന്ന ദിനമായി ഒക്ടോബര്‍ രണ്ട്.
വിഎസ് വീണപ്പോള്‍ ഇടതിനു ഭരണം
ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയാകുമെന്ന പൊതുധാരണയായിരുന്നു 1991ലെ തെരഞ്ഞെടുപ്പു കാലത്ത് കേരളത്തിലുണ്ടായിരുന്നത്. അന്നു പക്ഷേ വി.എസ്. ജയിച്ചെങ്കിലും ഇടതുമുന്നണി പരാജയപ്പെട്ടു. വി.എസ്. മുഖ്യമന്ത്രിയാകുമെന്ന ധാരണയായിരുന്നു 1996ലെ തെരഞ്ഞെടുപ്പു സമയത്തുമുണ്ടായിരുന്നത്. അക്കുറി എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. എല്ലാ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് വി.എസ്. അച്യുതാനന്ദന് സിപിഎം കോട്ടയായ മാരാരിക്കുളത്തു പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുകപോലും ചെയ്യാതിരുന്ന ഇ.കെ. നായനാര്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി. തലശേരിയില്‍നിന്നു ജയിച്ചു വന്ന കെ.പി. മമ്മു മാസ്റ്റര്‍ രാജിവച്ച് നായനാര്‍ക്കു മത്സരിക്കാനുള്ള അവസരമൊരുക്കി. എ.കെ. ആന്റണി പ്രതിപക്ഷ നേതാവായി. എം. വിജയകുമാര്‍ സ്പീക്കറായി. എല്ലാവരും കാലാവധി തികച്ചു.
വി.എസിനെ വീഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് പി.ആര്. ഫ്രാന്‍സിസ് കേരള രാഷ്ട്രീയത്തിലെ ജയന്റ് കില്ലറായി. 1,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള ഫ്രാന്‍സിസിന്റെ ജയം സിപിഎമ്മിലെ കാലുവാരല്‍ കൊണ്ടായിരുന്നു എന്നതു വസ്തുത. സിപിഎം രാഷ്ട്രീയത്തില്‍ ഇതിന്റെ തുടര്‍ചലനങ്ങള്‍ പലപ്പോഴായുണ്ടായി. പല പ്രമുഖരുടെയും തല ഉരുണ്ടു.
അവസാനകാലത്തെ വിവാദങ്ങള്‍
ഭരണരംഗത്തു കാര്യമായ വിവാദങ്ങളില്ലാതെ ഭരണം പൂര്‍ത്തിയാക്കാന്‍ നായനാര്‍ സര്‍ക്കാരിനു കഴിഞ്ഞു. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നെല്‍വയല്‍ സംരക്ഷണത്തിനെന്ന പേരില്‍ നടത്തിയ വെട്ടിനിരത്തല്‍ സമരവും പ്ലസ് ടു കോഴ്സ് അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളുമായിരുന്നു സര്‍ക്കാരിനുണ്ടായ കളങ്കങ്ങള്‍. അവസാന നാളുകളില്‍ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ട്രഷറികള്‍ സ്തംഭിച്ചു. ചെറിയ തുകയ്ക്കുള്ള ചെക്കുകള്പോലും മടങ്ങുന്ന സ്ഥിതി തെരഞ്ഞെടുപ്പു നാളുകളില്‍ സര്‍ക്കാരിനു നാണക്കേടായി. അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിനും ഇതു പ്രധാന കാരണമായി.
സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തില്‍നിന്നു പുതിയ നിയമസഭാ മന്ദിരത്തിലേക്കു മാറിയത് ഈ കാലയളവിലാണ്. 1998 ജൂണ്‍ 29ന് പഴയ മന്ദിരത്തിലെ അവസാന സമ്മേളനം നടന്നു. ജൂണ്‍ 30ന് പുതിയ മന്ദിരത്തില്‍ ആദ്യ സമ്മേളനവും. 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതി കെ.ആര്. നാരായണന് ആയിരുന്നു നിയമസഭാമന്ദിരം ഉദ്ഘാടനം ചെയ്തത്.
കൃഷിമന്ത്രിയായിരുന്ന സിപിഐ നേതാവ് വി.കെ. രാജന്റെ അപ്രതീക്ഷിത വിയോഗം ഈ കാലയളവിലായിരുന്നു. പകരം മന്ത്രിയായി കൃഷ്ണന് കണിയാംപറമ്പില്‍ ചുമതലയേറ്റു.
ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ തുടക്കംകുറിച്ച ജനകീയാസൂത്രണ പ്രസ്ഥാനം കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായി മാറി. കേന്ദ്രീകൃത ആസൂത്രണ ശൈലിയില്‍നിന്നു വികേന്ദ്രീകൃതമായ, ജനപങ്കാളിത്തത്തോടെ താഴെത്തട്ടില്‍ നടക്കുന്ന ആസൂത്രണ പ്രക്രിയയിലേക്കുള്ള മാറ്റം കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായകമാകുമെന്ന് അദ്ദേഹം വിലയിരുത്തി. ഭൂപരിഷ്കരണത്തിനു ശേഷമുള്ള കേരളത്തിലെ വലിയ സംഭവം എന്നാണ് ഇഎംഎസ് ജനകീയാസൂത്രണത്തെ വിശേഷിപ്പിച്ചിരുന്നത്. വനിതാ ശക്തീകരണത്തിലും വലിയ സംഭാവന നല്കാന് ജനകീയാസൂത്രണ പ്രസ്ഥാനത്തിനു കഴിഞ്ഞു.
കോളജുകളില്‍നിന്നു പ്രീഡിഗ്രി അടര്‍ത്തി മാറ്റി പ്ലസ് ടു സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റിയ പരിഷ്കാരം ആരംഭിച്ചത് ഈ സർക്കാരിന്റെ കാലയളവിലാണ്. വിവാദങ്ങള്‍ ഏറെയുണ്ടായെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാനമായ ഒരു പരിവര്‍ത്തനമായിരുന്നു ഇത്. ഇതിനു ചുക്കാന്‍ പിടിച്ചത് അന്നു വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.ജെ. ജോസഫ് ആയിരുന്നു.
പൊതുപ്രവര്‍ത്തക അഴിമതി അന്വേഷണ കമ്മീഷന് നിര്‍ത്തലാക്കി പകരം കൂടുതല്‍ അന്വേഷണാധികാരങ്ങളോടെ കേരള ലോകായുക്ത നിലവില്‍വന്നു. തദ്ദേശസ്ഥാപനങ്ങളിലെ അഴിമതി അന്വേഷിക്കാന്‍ ഓംബുഡ്സ്മാന് നിലവില്‍വന്നതും ഈ നിയമസഭയില്‍ നടത്തിയ നിയമനിര്‍മാണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
ബേബി ജോണ്‍ പിന്നാമ്പുറത്തേക്ക്
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ബേബി ജോണ്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്നു പിന്നാമ്പുറത്തേക്കു മാറിയതായിരുന്നു ഈ കാലത്തെ സുപ്രധാനമായ രാഷ്ട്രീയ സംഭവം. അസുഖബാധിതനായ ബേബി ജോണ്‍ മന്ത്രിസ്ഥാനത്തുനിന്നു മാറുകയും പകരം വി.പി. രാമകൃഷ്ണപിള്ള മന്ത്രിയാകുകയും ചെയ്തു. വൈകാതെ പാര്‍ട്ടി പിളര്‍ന്നു. ഒരു വിഭാഗം ആര്‍എസ്പി ബോള്‍ഷെവിക് രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നു.
ഇഎംഎസിന്റെ വിയോഗം
പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിലെ കേന്ദ്രബിന്ദുവായി നിന്ന ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് 1998 മാര്‍ച്ച് 19നു വിടപറഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരുന്ന മഹാപ്രസ്ഥാനമായിരുന്ന ഇഎംഎസിന്റെ വേര്‍പാട് കേരള രാഷ്ട്രീയത്തിനു വലിയൊരു നഷ്ടമായിരുന്നു. അതുപോലൊരു പ്രതിഭ ഇനി കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകുമോ എന്നു സംശയിക്കണം.
(തുടരും)
Tags : The Rise and Fall karunakaran