ഇടുക്കി: പടമുഖം തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് സമാപന ആഘോഷങ്ങൾക്കു തുടക്കമായത്. പടമുഖം ഫൊറോനയിലെ വൈദികരും മുൻ വികാരിമാരും സഹകാർമികരായിരുന്നു.
തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. മാർ മാത്യു മൂലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപത സഹായ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, സിസ്റ്റർ സൗമി എസ്ജെസി, ഫാ. ജോസ് നരിതൂക്കിൽ, ഫാ. ഷൈജു കല്ലുവെട്ടാംകുഴി, ഫാ. ജോസഫ് കീഴങ്ങാട്ട്, ഫാ. സ്റ്റീഫൻ തേവർപറമ്പിൽ, സിസ്റ്റർ ഡാലിയ, ജോൺസൻ നാക്കോലിക്കര, ഡോ. മാത്യു പുള്ളോലിൽ എന്നിവർ പ്രസംഗിച്ചു.
കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ പടമുഖം ഫൊറോനയിൽ നടപ്പിലാക്കുന്ന പ്രിവിലേജ് കാർഡ്, മൈക്രോ ക്ലിനിക്കുകളുടെയും പാലീയേറ്റീവ് കെയർ മൂവ്മെന്റിന്റെയും ഉദ്ഘാടനവും നടത്തപ്പെട്ടു. ഫാ. ഷാജി പൂത്തറ രചിച്ച് ജോബി വിതയത്തിൽ, സെബിൻ ചേത്തലിൽ എന്നിവർ സംവിധാനം ചെയ്ത ജൂബിലി ഡോക്യുമെന്ററി വീഡിയോയും ജൂബിലി ഗാനവും വേദിയിൽ അവതരിപ്പിച്ചു.
സിബി കുരുട്ടുപറമ്പിൽ, സിസ്റ്റർ ഷാരോൺ എസ്ജെസി, സ്റ്റീഫൻ വാഴകാട്ട്, ബിജു ഇലവുംകുന്നേൽ, തോമസ് തറയിൽ, ഷെജി കമുകുംപാറയിൽ, ജയ്മോൻ ചെരിയപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നല്കി.