ചരിത്രത്തിൽ ഇടം പിടിച്ച് ഇടുക്കി രൂപത മെഗാ മാർഗംകളി
1549311
Saturday, May 10, 2025 12:15 AM IST
ചെറുതോണി: ഇടുക്കി രൂപതാദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടത്തിയ മെഗാ മാർഗംകളി ചരിത്രത്തിലേക്ക്. ഇടുക്കി രൂപതയിലെ 13 ഫൊറോനകളിലെ വിവിധ ഇടവകകളിൽനിന്ന് എത്തിച്ചേർന്ന 2500 കലാകാരികളാണ് മാർഗംകളിയിൽ അണിനിരന്നത്. രാവിലെ ഇടുക്കി ന്യൂമാൻ സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേർന്ന കലാകാരികൾ മാർഗംകളി വേഷത്തിൽ റാലിയായി ഐഡിഎ ഗ്രൗണ്ടിൽ ക്രമീകരിച്ച ട്രാക്കുകളിൽ അണിനിരന്നു.
ഹൈറേഞ്ചിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മെഗാ മാർഗംകളി സംഘടിപ്പിക്കപ്പെടുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ തനത് കലാരൂപമായ മാർഗംകളി പുതുതലമുറയിൽ കൂടുതൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപതയിൽ എല്ലാ സംഘടനകളുടെയും നേതൃത്വത്തിൽ മാർഗംകളി മത്സരം മുമ്പേ ആരംഭിച്ചിരുന്നു.
13ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ നടക്കുന്ന രൂപതാ ദിനത്തിന്റെ ഭാഗമായാണ് മെഗാ മാർഗംകളി സംഘടിപ്പിക്കപ്പെട്ടത്. രൂപതയിലെ മാതൃവേദി, കെസിവൈഎം, മിഷൻ ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.
മൂന്നുമുതൽ 82 വയസ്
വരെയുള്ളവർ പങ്കാളികളായി
മൂന്ന് മുതൽ 82 വയസു വരെയുള്ള ആളുകൾ മാർഗംകളിയുടെ ഭാഗമായി. നിരവധി ആളുകളാണ് മാർഗങ്ങളിലെ കാണാൻ എത്തിച്ചേർന്നത്. വിപുലമായ ഒരുക്കങ്ങളാണ് ഇടുക്കിയിൽ നടന്നത്. രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്് ജോർജ് പോൾ തുടങ്ങിയ നിരവധി ജനപ്രതിനിധികളും എത്തിച്ചേർന്നു.