തൊമ്മൻകുത്തിൽ കുരിശ് പിഴുത സംഭവം; വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് നിയമവിരുദ്ധം: സി.വി. വർഗീസ്
1549316
Saturday, May 10, 2025 12:15 AM IST
കരിമണ്ണൂർ: തൊമ്മൻകുത്തിൽ കുരിശു സ്ഥാപിച്ച കൈവശ ഭൂമി വനംഭൂമിയാണെന്ന വണ്ണപ്പുറം വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് നിയമവിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്.
നാരങ്ങാനത്ത് കൈവശ ഭൂമിയിൽ തൊമ്മൻകുത്ത് പള്ളി സ്ഥാപിച്ച കുരിശ് പിഴുതു മാറ്റിയ വനപാലകരുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി വണ്ണപ്പുറം വില്ലേജ് ഓഫീസിനു മുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വനം, റവന്യു വകുപ്പിലെ ചില ജീവനക്കാർ ഗൂഡാലോചന നടത്തുന്നുവെന്ന്് സംശയിക്കേണ്ടിയിരിക്കുന്നു.
വനംവകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് വർഷങ്ങളായി കൈവശം വച്ചനുഭവിക്കുന്ന സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. ഇത് വനഭൂമിയാണെന്ന റിപ്പോർട്ടാണ് വില്ലേജ് ഓഫീസർ ഡിഎഫ്ഒക്ക് നൽകിയത്.
ഇത്തരം റിപ്പോർട്ട് നൽകേണ്ടത് ജില്ലാ കളക്ടറാണ്. ഇവിടെ കൈയേറ്റമുണ്ടെന്ന് വരുത്താനാണ് റേഞ്ച് ഓഫീസർ ശ്രമിച്ചത്. കൈവശ ഭൂമിയിൽ സ്ഥാപിച്ച കുരിശ് പുനഃസ്ഥാപിക്കാൻ എൽഡിഎഫ് പിന്തുണ നൽകുമെന്നും വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മനോജ് മാമല അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം എം.ജെ.മാത്യു, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി സുമേഷ്, വണ്ണപ്പുറം ലോക്കൽ സെക്രട്ടറി ഷിജോ സെബാസ്റ്റ്യൻ, ജിമ്മി മറ്റത്തിപ്പാറ, എം.കെ.സത്യൻ, കെ.കെ.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.