ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്റെ' വരവായി; ജിത്തു മാധവന്റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന് - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്റെ രചന.
"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്സി'നും ശേഷം ചിദംബരത്തിന്റെ സംവിധാനം. ഒരമ്മയുടെയും മകന്റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന് - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.
ബാലന്, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..?
"മഞ്ഞുമ്മല്‍ ബോയ്സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.
"ബാലന് - ദി ബോയ്'പറയുന്നത്..?

ഒരമ്മയുടെയും മകന്റെയും കഥയാണ്. അവരുടെ യാത്രയാണ്. ഇമോഷണല്‍ ഡ്രാമയാണ്. ട്രെയിലറില്‍ കണ്ടതുപോലെ ചെറിയൊരു ത്രില്ലറാണ്. സ്ളോ ബേണ്‍ ത്രില്ലര്‍. വലിയ വയലന്സൊന്നുമില്ല. അമ്മയും മകനും തമ്മിലുള്ള ബന്ധവും അവരുടെ കൊച്ചുകൊച്ചു കള്ളത്തരങ്ങളുമൊക്കെയാണ് ഇതിന്റെ കഥവഴി. മകന്റെ കുറേ ചോദ്യങ്ങളും. അമ്മയുടെ മറുപടികളും. അവര്‍ തമ്മിലുള്ള സംഭാഷണം തന്നെയാണു കഥ.
കഥയില്‍ ആകര്‍ഷകമായി തോന്നിയത്..?
ഇതിന്റെ മൊത്തത്തിലുള്ള പശ്ചാത്തലംതന്നെ. അമ്മയും മകനും കടന്നുവന്ന വഴികള്‍ ഏറെ കൗതുകകരമായ ഒരു പശ്ചാത്തലമാണ്. കുറേക്കാലം അതു ഫ്രഷായിരിക്കും. സംവിധായകനെന്ന രീതിയില്‍ അങ്ങനെയുള്ള ഒരു സ്പേസ് ഷൂട്ട് ചെയ്യുന്നത് രസകരമായിരിക്കുമെന്നും തോന്നി.
യഥാര്‍ഥസംഭവത്തില്‍ നിന്നാണോ ഈ സിനിമയും..?

ഇങ്ങനെയുള്ള അമ്മയും മക്കളും അസാധാരണമല്ല. കേരളത്തിലെ ജയില്‍ സിസ്റ്റത്തില്‍ ധാരാളമുണ്ട്. നമ്മുടെ സമൂഹത്തിലും പത്രവാര്ത്തകളിലുമൊക്കെ ഇത്തരം കേസുകള്‍ കാണാനാവും. പക്ഷേ, ഈ കഥ പൂര്‍ണമായും സാങ്കല്പികമാണ്.
ടൈറ്റിലിനു പിന്നില്‍..?
കഥയെല്ലാം കേട്ടപ്പോള്‍ ഇതൊരു ബാലന്റെ കഥയാണല്ലോ, ബാലന് എന്നു തന്നെയാവാം ടൈറ്റില്‍ എന്നു തോന്നി. ആള്‍ക്കാര്‍ക്ക് ഓര്‍മയുള്ളതും എല്ലാവരുടെയും മനസിലുള്ളതുമായ ഒരു ടൈറ്റിലാണ്. പ്രേക്ഷകരിലേക്ക് എത്താന്‍ എളുപ്പമായിരിക്കുമെന്നു തോന്നി. ആദ്യ ശബ്ദ സിനിമ ബാലനുള്ള ഒരു ആദരം എന്ന നിലയിലും കാണാം.
അമ്മയായി വേഷമിട്ടത്..?
ഫര്‍സാന പാലത്തിങ്കൽ. പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മുംബൈ ബേസ്ഡ് മലയാളിയാണ്. അവരുടെ ആദ്യ സിനിമയാണ്. പക്ഷേ, പെര്‍ഫോമന്‍സില്‍, അവരുടെ ആദ്യത്തെ പടമെന്ന് ആരും പറയില്ല! എഴുന്നൂ റോളം ആക്ടേഴ്സിനെ ഓഡിഷന് ചെയ്താണ് കാസ്റ്റിംഗ് ഡയറക്ടര്‍ ഗണപതി ഫര്സാനയിലേക്ക് എത്തിയത്. ഓഡിഷനില്‍ നമ്മള് കൊടുത്ത സീന്‍ ഫര്‍സാന ഏറെ ഭംഗിയായി ചെയ്തു. ആ കഥാപാത്രത്തിനു പുതിയൊരാള് വേണമെന്നുണ്ടായിരുന്നു. കാരണം, സിനിമയ്ക്കും ആ മുഖത്തിനും ഒരു പ്രവചനസ്വഭാവം പാടില്ലെന്നുണ്ടായിരുന്നു.
ബാലനായി വേഷമിട്ടത്..?

ആലപ്പുഴക്കാരന് ആദിശേഷന്. പത്തു ദിവസം കേരളത്തിലങ്ങോളമിങ്ങോളം കുറേ സ്കൂളുകളില്‍ കയറിയിറങ്ങി, പല ഗ്രാമങ്ങളില്‍ പോയി, അങ്ങനെ പണിയെടുത്തു കണ്ടെടുത്തതാണ്. ആദിയുടെ ആദ്യചിത്രമാണ്. നല്ല ആക്ടറാണ്. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള, കാര്യങ്ങളും കോണ്സപ്റ്റുമൊക്കെ പറഞ്ഞാല്‍ മനസിലാക്കുന്ന ഒരു കുട്ടി.
ബീന ആന്റണി വീണ്ടും പ്രധാന വേഷത്തില്‍..?
ഞാൻ പണ്ടേ അറിയുന്ന ഏറെ സീനിയര്‍, അടിപൊളി ആര്‍ട്ടിസ്റ്റാണു ബീന ആന്റണി. ഇതിലെ ഒരു കഥാപാത്രത്തിനുവേണ്ടി ആളുകള്‍ക്ക് അറിയുന്നതും എന്നാല്‍ ഫ്രഷായതുമായ ഒരു മുഖം നോക്കി. അങ്ങനെയാണ് ബീനാ ആന്റണിയിലേക്ക് എത്തിയത്.
കാസ്റ്റിംഗില്‍ ഫ്രഷ്നെസ് വേണമെന്ന് ഉറപ്പിച്ചിരുന്നോ..?
അപ്പോഴാണ് ഈ കഥയ്ക്കു കുറച്ചുകൂടി പ്രവചനാതീത സ്വഭാവം ഉണ്ടാവുക. സംവിധായകന് ഗിരീഷ് എ.ഡി. പോലീസ് വേഷത്തിലെത്തുന്നു. കഥാപാത്രവുമായി റിലേറ്റബിലിറ്റിയുള്ള പുതിയ ആളുകളെ നോക്കി. അങ്ങനെ കണ്ടുപിടിച്ചതാണ് ഗിരീഷിനെ. നടന് ലാലിന്റെ മകന് ജീന്‍ പോള്‍ ലാലിനും പോലീസ് വേഷമാണ്. മുഹമ്മദ് സിനാനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
ട്രെയിലറില്‍ അവിടവിടെ ടൊവിനോ മിന്നിമറയുന്നു. പ്രധാന വേഷമാണോ..?

ട്രെയിലറില്‍ കാണിച്ചതിന്റെ അത്രയുമേ ഇപ്പോള്‍ പറയാനാവുകയുള്ളൂ. ബാക്കിയെല്ലാം സിനിമയില്‍ക്കൂടി ആളുകള്‍ കാണണമെന്നാണ് ആഗ്രഹം.
ഷൂട്ടിംഗ് അനുഭവങ്ങളിലൂടെ..?
കഥാപരമായി പല നാടുകളിലൂടെയുള്ള സഞ്ചാരമുണ്ട്. അങ്ങനെ കേരളത്തിലെ പല ജില്ലകളിലും ഷൂട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ഭൂരിഭാഗവും വയനാട്, തിരുനെല്ലി ഭാഗത്താണ്. വലിയ മരങ്ങളും മറ്റുമുള്ള പ്രകൃതിദൃശ്യ സമ്പന്നമായ, മനോഹാരിതയുള്ള സ്ഥലമാണ്.
ഇതു സിനിമയാക്കിയപ്പോൾ നേരിട്ട വെല്ലുവിളി..?
ഇമോഷണല്‍ ഡ്രാമയാണല്ലോ. ഇമോഷനും ആളുകള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പും... അതു കാണിക്കുക എന്നതായിരുന്നു ശ്രമകരമായ ദൗത്യം. മഞ്ഞുമ്മലില്‍ ഗുണ കേവ് എന്നു പറയുമ്പോള്‍ കിട്ടുന്ന ഒരു വലുപ്പമുണ്ടല്ലോ. പക്ഷേ, ഇതില്‍ ആളുകളുടെ മുഖത്താണല്ലോ എല്ലാം. ഇതു വളരെ പേഴ്സണലായ ഒരു സിനിമയാണ്. അഭിനേതാക്കളുടെ ആക്ടിംഗ് എടുക്കുകയും അതു വിശ്വാസ്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയും വേണമല്ലോ. ഫര്‍സാന ഉള്‍പ്പെടെ എല്ലാ നടീനടന്മാരില് നിന്നും നല്ല പെര്ഫോമന്സുണ്ടായി.
സൗകര്യപ്രദമാണോ സിങ്ക്സൗണ്ട് ഷൂട്ടിംഗ്..?
വയനാട് വലിയ ബഹളവും മറ്റുമില്ലാത്ത സ്ഥലമായതിനാല്‍ സിങ്ക്സൗണ്ടില് ഷൂട്ടിംഗ് വളരെ എളുപ്പമാണ്. ഈ പടത്തിൽ മിക്കവരും പുതിയ ആളുകളായതിനാല്‍ അവര്‍ ഷൂട്ടിംഗ് സമയത്തു പെര്‍ഫോം ചെയ്യുന്നത് അപ്പോള്‍ത്തന്നെ ഒപ്പിയെടുക്കുകയാണ്. പിന്നീട് അവരെ ഡബ്ബിംഗിലേക്കു കൊണ്ടുവന്നാല്‍ അതുപോലെ കിട്ടിയെന്നുവരില്ല. ഷിജിന്, അഭിഷേക്, വൈശാഖ്... മഞ്ഞുമ്മലിന്റെ അതേ ടീം തന്നെയാണ് സിങ്ക്സൗണ്ട് ചെയ്തത്.
ടെക്നിക്കല്‍ വിഭാഗത്തിലും മഞ്ഞുമ്മല്‍ ടീം തന്നെയല്ലേ..?
ഷൈജു ഖാലിദ്, സുഷിന് ശ്യാം, വിവേക് ഹര്ഷന്, അജയന് ചാലിശേരി...കോസ്റ്റ്യൂമിലൊഴികെ മഞ്ഞുമ്മല്‍ ടീം തന്നെ ഇതിലും. സിനിമ വലുതാണെങ്കിലും ചെറുതാണെങ്കിലും എല്ലാ ഫ്രെയിമിലും പ്രൊഡക്ഷന്‍ ഡിസൈനറുടെയും കയ്യുണ്ടാവും. സാധാരണ മുറിയോ കടയോ കാണിക്കുന്ന സീനില്‍ പോലും അതിന്റെ കൃത്യമായ കളറുകളും അതിന്റെ അടുക്കിവയ്ക്കലുമെല്ലാം ആ കൈകളിലാണ്.
സുഷിന് ശ്യാം മ്യൂസിക്..?
ഇമോഷണല്‍ ഡ്രാമയായതുകൊണ്ടുതന്നെ ഇമോഷനുകളെ സപ്പോര്‍ട്ട് ചെയ്യുക, ആളുകളെ ആ തലത്തിലേക്ക് എത്തിക്കുക... അതിലൊക്കെ സുഷിന്റെ ബാക്ക് ഗ്രൗണ്ട് സ്കോര്‍ പ്രധാനമാണ്. സുഷിന് മ്യൂസിക് ചെയ്ത മൂന്നു പാട്ടുകളുണ്ട്.
"ബാലന്' കാന്‍സില്‍ എത്തിയത്..?
കാന്‍സില്‍ മത്സരവിഭാഗത്തിലായിരുന്നില്ല, അവിടെ ഫിലിം മാര്‍ക്കറ്റിൽ. വിവിധ സിനിമാ മാര്‍ക്കറ്റുകള്‍, ഡിസ്ട്രിബ്യൂട്ടേഴ്സ്...വിവിധ നാടുകളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നുമെത്തിയവർ നമ്മുടെ പടംകണ്ട് എങ്ങനെ പ്രതികരിക്കുന്നുവെന്നതു നേരിട്ടുകാണാനായി. വിവിധ ഫെസ്റ്റിവലികളിലേക്കു ക്ഷണം, പല നാടുകളില്‍ ഡിസ്ട്രിബ്യൂഷന്‍...അത്തരം ഗുണങ്ങളുണ്ടായി.
Tags : chidambaram balan movie balan