മോഹൻ ശർമ്മ
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വൃദ്ധസദനത്തിൽ കഴിയുന്ന പ്രശസ്ത നടനും സംവിധായകനുമായ മോഹൻ ശർമ്മയ്ക്ക് സഹായവുമായി സൂപ്പർസ്റ്റാർ രജനീകാന്ത്. ഒരു ലക്ഷം രൂപയാണ് അദ്ദേഹം ധനസഹായമായി നൽകിയത്.
ചെന്നൈയ്ക്കടുത്തുള്ള ഗുമ്മിഡിപൂണ്ടിയിലെ ഒരു വൃദ്ധസദനത്തിലാണ് മോഹൻ ശർമ്മ നിലവിൽ കഴിയുന്നത്. മാസം തോറും മരുന്നുകൾ വാങ്ങാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന്റെ ദയനീയവസ്ഥ വ്യക്തമാക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ദേശീയ പുരസ്കാരം നേടിയ 'നമ്മ ഗ്രാമം' എന്ന സിനിമയുടെ സാറ്റ്ലൈറ്റ് അവകാശങ്ങൾ ആരെങ്കിലും വാങ്ങുകയാണെങ്കിൽ ചികിത്സാ ചെലവുകൾക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം ചലച്ചിത്ര പ്രവർത്തകരോട് അഭ്യാർഥിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 170- ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും 15- ലധികം സിനിമകൾ നിർമിക്കുകയും ചെയ്തിരുന്നു.
1972- ൽ പുറത്തിറങ്ങിയ 'പണിമുടക്ക്' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ചട്ടക്കാരി, നെല്ല്, പ്രയാണം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി. 1985- ൽ വരെ സിനിമയിൽ സജീവമായിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം 2000- ൽ 'ദാദാ സാഹിബ്' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി.
കുടുംബജീവിതത്തിലെ പരാജയവും സിനിമ നിർമിച്ച് ഉണ്ടായ കടബാധ്യതകളും കാരണം പോയസ് ഗാർഡിലെ വീട് ഉൾപ്പെടെ വിൽക്കേണ്ടി വന്നു. മൂന്ന് മാസമായി വൃദ്ധസദനത്തിലാണ് അദ്ദേഹം കഴിയുന്നത്. ഒരു കാലത്ത് തിളങ്ങി നിന്ന കലാകാരന്റെ ഈ അവസ്ഥയിൽ രജനീകന്ത് നൽകിയ സഹായം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
Tags : Rajinikanth Donate MohanSharma