1917ൽ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായ രചിച്ച പ്രശസ്തമായ ബംഗാളി നോവലാണ് "ദേവദാസ്". ഈ നോവലിനെ ആധാരമാക്കി 1989ൽ മലയാളത്തിൽ ഉൾപ്പെടെ പത്തിൽ പരം ഭാഷകളിലായി മുപ്പതോളം ചലച്ചിത്രങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ആ പരമ്പരയിലെ ഒടുവിലെ ചലച്ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രദർശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന "DC" എന്ന തമിഴ് സിനിമ.
പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജും "ഗോദ" സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ വമിഖ ഗബ്ബിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ മാതേശ്വരനാണ്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതം DCയിൽ എടുത്തുപറയത്തക്കതാണ്.
"ദേവദാസ്" എന്ന ബംഗാളി നോവലിന്റെ കഥയുമായി DC എന്ന ചലച്ചിത്രത്തിന് വലിയ സാമ്യങ്ങളില്ല. കഥയ്ക്കപ്പുറം, കഥാപാത്രങ്ങളെയാണ് ചലച്ചിത്രം നോവലിൽനിന്ന് സ്വീകരിച്ചിരിക്കുന്നത്. ദേവദാസ് എന്ന നോവൽ ദുരന്തപര്യവസായിയായ ഒരു പ്രണയകഥയായിരുന്നെങ്കിൽ, DC എന്ന സിനിമ രക്തരൂഷിതമായ ഒരു പ്രതികാരകഥയാണ്.
ക്രൂരനായ ഒരു പോലീസ് ഓഫീസറുടെ നീക്കങ്ങൾ പരാജയപ്പെടുത്താൻ നായകനായ ഗുണ്ടാനേതാവ് നടത്തുന്ന കൈവിട്ട കളികളാണ് ചലച്ചിത്രത്തിന്റെ സാരാംശം. നീതിയും നിയമവും നടപ്പാക്കേണ്ടവർ കൊള്ളക്കാരും ക്രൂരൻമാരായ കൊലപാതകികളുമായാൽ അവരെ ഉൻമൂലനം ചെയ്യാൻ ഏതറ്റംവരെയും പോകുന്ന ഹീറോയിസമാണ് ഇവിടെ കയ്യടി നേടുന്നത്. A സർട്ടിഫിക്കറ്റുള്ള പ്രസ്തുത ചലച്ചിത്രം കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും അനുയോജ്യമല്ല.
ഈ ചലച്ചിത്രത്തിന്റെ ഒരു സവിശേഷത, അക്രമവും കൊലപാതകങ്ങളും കേവലം ത്രില്ലിനുവേണ്ടി അവതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ എന്നതിനപ്പുറം, കഥാപാത്രങ്ങളുടെ വൈകാരികതയുടെ പൂർത്തീകരണങ്ങളാണ്. അതിനാൽതന്നെ, ബാക്ക്ഗ്രൗണ്ട് സ്കോറുകൾക്ക് ചലച്ചിത്രത്തിൽ ഉടനീളം മറ്റു സിനിമകളിൽ അധികം കാണാത്ത വിധത്തിലുള്ള പ്രാധാന്യമുണ്ട്.
അവിടെയാണ് അനിരുദ്ധിന്റെ മ്യൂസിക് ശ്രദ്ധേയമാകുന്നത്. നായകനായി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ് (ദേവദാസ്) നടത്തുന്ന ചോര ചിന്തുന്ന താണ്ഡവം, നായികയെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾ എന്നതിനൊപ്പം പ്രതികാരബുദ്ധിയോടെയുള്ളതുമാണ്. പോലീസ് ഫോഴ്സിനെ പൂർണമായും തെറ്റുകാരായും അതേസമയം ഗുണ്ടാ സംഘത്തെ നീതിക്കുവേണ്ടി പൊരുതുന്നവരായും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.
ഒരു സാധാരണക്കാരനെ കൊള്ളയടിച്ച് കൊന്നുതള്ളുന്ന പോലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിച്ചു തുടങ്ങുന്ന സിനിമ, നിരപരാധികളെ കൊന്നുതള്ളുകയും വേട്ടയാടുകയും ചെയ്യുന്ന പോലീസിനെയാണ് അവസാനംവരെ അവതരിപ്പിക്കുന്നത്. പലപ്പോഴായി അവരെയെല്ലാം കൊന്നൊടുക്കുകയാണ് നായകനും കൂട്ടരും. അത്തരമൊരു സാമൂഹിക സാഹചര്യവും പരിഹാരമെന്ന വിധമുള്ള ഗുണ്ടാ വിളയാട്ടവും കഥയുടെ ഭാഗമാണ്.
ലൈംഗികത്തൊഴിലാളിയായിരുന്ന ചന്ദ്രയ്ക്കു (വമിഖ ഗബ്ബി) വേണ്ടിയാണ് കൊലപാതകങ്ങളിൽ ഏറിയ പങ്കും. കുറഞ്ഞ സമയം കൊണ്ട് പ്രണയത്തിന് സമാനമായ വൈകാരികബന്ധം ദേവദാസിനുണ്ടായ പാർവതിയുടെ (സഞ്ജന കൃഷ്ണമൂർത്തി) നിഷ്ഠൂരമായ കൊലപാതകത്തിനുള്ള മറുപടികൂടിയായാണ് ആ പ്രതികാരം.
40 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട 'ദേവദാസി'ലെ പ്രധാന കഥാപാത്രങ്ങളെ പോലീസും ഗാങ്സ്റ്ററുകളും നിറഞ്ഞ ആധുനിക ലോകത്തിലേക്ക് മാറ്റിപ്രതിഷ്ഠിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. തന്റെ ആദ്യ ചിത്രമായ 'റോക്കി'യിലൂടെ പ്രേക്ഷകർക്ക് നൽകിയ പ്രതീക്ഷകൾ അരുൺ മാതേശ്വരൻ ഇവിടെയും നിലനിർത്തുന്നുണ്ട്.
ഇതിലെ ദേവദാസ് തന്റെ ലക്ഷ്യങ്ങൾക്കുവേണ്ടി പോരാടുന്ന, ഒരു ഗാങ്സ്റ്റർ ആണ്.
ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളും വളരെ ശ്രദ്ധേയമാണ്. വൈകാരികമായ ചില അച്ഛൻ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട് - മകനുമായി സംസാരമില്ലാത്ത ഒരു പിതാവ്; മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ആഗ്രഹിക്കുകയും എന്നാൽ ക്രൂരന്മാരായ പോലീസുകാരാൽ കൊല്ലപ്പെടുകയും ചെയ്യുന്ന മറ്റൊരു പിതാവ്; കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴും അതിനുകഴിയാതെ പോകുന്ന വേറൊരു പിതാവ്. കഥയുടെ ആദ്യന്തം ഇത്തരം കഥാപാത്രങ്ങളിലൂടെ വൈകാരികതകൾ നിലനിർത്താൻ സംവിധായകനും സഹ രചയിതാവായ ഫ്രാങ്ക്ളിൻ ജേക്കബിനും കഴിഞ്ഞിട്ടുണ്ട്.
വെല്ലൂർ, ഗോപിചെട്ടിപ്പാളയം, സത്യമംഗലം, ഈറോഡ്, ചെന്നൈ എന്നിവിടങ്ങളിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ചിത്രത്തിന്റെ തുടക്കം വളരെ സ്ലോ ആണ്. കഥയിലേക്ക് ഇറങ്ങുന്നതിനുമുമ്പ് കഥയുടെ പശ്ചാത്തലം മനസിലാക്കാൻ കാഴ്ചക്കാർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ നർത്തകിയായ പാർവതി എന്ന കഥാപാത്രത്തിന്റെ വരവോടെ ചിത്രം വൈകാരികമായ അടിത്തറ ഉറപ്പിക്കുന്നു.
അവിടെനിന്ന്, 'ഒരു കാര്യം കൂടി ചെയ്യണം' എന്ന വാശിയിൽ ദേവദാസും സംഘവും തങ്ങളുടെ അതിജീവനം വീണ്ടുംവീണ്ടും അപകടത്തിലാക്കുന്ന ആവർത്തന സ്വഭാവത്തിലേക്ക് കഥ വീഴുന്നുണ്ട്. എങ്കിലും, രണ്ടാം പകുതിയിൽ ചിത്രം കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു.
തിരക്കഥയുടെ ക്ലാരിറ്റിയാണ് 'ഡിസി'യുടെ ഒരു പ്രധാന കരുത്ത്. കഥാപാത്രങ്ങളെ വെറുതെ ഒരു സീനിൽനിന്ന് അടുത്തതിലേക്ക് നയിക്കുകയല്ല തിരക്കഥ ചെയ്യുന്നത്; മറിച്ച് അവർ എന്തുകൊണ്ട് അത്തരം തീരുമാനങ്ങൾ എടുക്കുന്നു എന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു. എന്തുകൊണ്ടാണ് പാർവതി തികച്ചും അപരിചിതനായ ഒരാളോട് ഇത്ര പെട്ടെന്ന് മനസ് തുറക്കുന്നത്? സ്വന്തം ജീവൻ അപകടത്തിലാക്കി ദാസ് എന്തിനാണ് ചന്ദ്രയെ സഹായിക്കുന്നത്? അപകട സാധ്യതകൾ അറിഞ്ഞിട്ടും ചന്ദ്ര എന്തുകൊണ്ടാണ് അവനോടൊപ്പം നിൽക്കാൻ തീരുമാനിക്കുന്നത്? ദാസിന് എല്ലാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുകൂടേ? ഈ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരങ്ങൾ കഥയിൽ ലഭിക്കുന്നുണ്ട്. മുമ്പ് നടന്ന കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലുകളും ശ്രദ്ധാപൂർവ്വം ഉൾപ്പെടുത്തിയ വഴിത്തിരിവുകളും ഓരോ വൈകാരിക നിമിഷത്തിനും കഥാപരമായ വ്യക്തത നൽകുന്നു.
ദേവദാസിനെ പിന്തുടരുന്ന ഭോജ്രാജ് എന്ന പോലീസ് ഓഫീസർ കഥാപാത്രത്തിന് കുറച്ചുകൂടി ശക്തമായ ഒരു പശ്ചാത്തലം ആവശ്യമായിരുന്നു.
എന്നാൽ ഇത്തരം പോരായ്മകൾ ചലച്ചിത്രത്തിന്റെ ആസ്വാദ്യതയുടെ കാര്യത്തിൽ വലിയ വിഷയമാകുന്നില്ല. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തലസംഗീതം ചിത്രത്തിന് വലിയ ഊർജമാണ് നൽകുന്നത് (ചില രംഗങ്ങളിൽ അത് അല്പം മുഴച്ചുനിൽക്കുന്നുണ്ടെങ്കിലും). സാങ്കേതികമായി മോശമില്ലാത്ത നിലവാരം പുലർത്തുന്ന ഈ ചിത്രത്തെ ഒരു ആക്ഷൻ ത്രില്ലറാക്കി മാറ്റുന്നതിൽ സംഗീതം നിർണായക പങ്കുവഹിക്കുന്നു.
ഈ ചലച്ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ആത്യന്തികമായ സന്ദേശം എന്ത് എന്നൊരു ചോദ്യം സ്വാഭാവികമായി ഉയരുന്ന ഒന്നാണ്. എണ്ണമറ്റ കൊലപാതകങ്ങൾ ചെയ്തതിനുശേഷം നായകനും നായികയ്ക്കും സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകുമോ എന്ന കാഴ്ചക്കാരുടെ സംശയത്തിന് ചലച്ചിത്രത്തിന്റെ ക്ലൈമാക്സ് ഉത്തരം നൽകുന്നില്ല. പോലീസ് ഫോഴ്സ് എന്നാൽ വെറും വില്ലൻമാർ എന്ന ആഖ്യാനവും റിയലിസ്റ്റിക് അല്ല. ഇത്തരത്തിൽ ഇപ്രകാരമൊരു ചലച്ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം ഗുണകരമെന്ന് കരുതാനുമാകില്ല. ഇക്കാരണങ്ങളാൽ, വിവേചന ബുദ്ധിയോടെ കാഴ്ചയ്ക്ക് തെരഞ്ഞെടുക്കേണ്ട ഒരു ത്രില്ലർ ചലച്ചിത്രമാണ് DC.
Tags : DCFilmReview DevdasReborn LokeshKanagaraj ArunMatheswaran AnirudhRavichander