മണ്ടാടി ചിത്രത്തിന്റെ പോസ്റ്റർ.
ഹാസ്യതാരത്തിൽനിന്നു നായകനിരയിലേക്കുയർന്ന സൂരിയെ കേന്ദ്രകഥാപാത്രമാക്കി മഥിമാരൻ പുകഴേന്തി സംവിധാനം ചെയ്ത 'മണ്ടാടി' തിയേറ്ററുകളിൽ വൻ കുതിപ്പുതുടരുന്നു. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 125 കോടി രൂപ കളക്ഷൻ പിന്നിട്ടതായി നിർമാതാക്കളായ ആർഎസ് ഇൻഫോടെയ്ൻമെന്റ് അറിയിച്ചു. 100 കോടി ക്ലബ്ബിൽ ഇടംനേടി നാലു ദിവസത്തിനുള്ളിലാണു ചിത്രം പുതിയ നേട്ടം കൈവരിച്ചത്.
നായകനെന്ന നിലയിൽ സൂരിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി 'മണ്ടാടി' മാറിയിരിക്കുകയാണ്. സിനിമയുടെ വൻ വിജയത്തോടെ തമിഴകത്തു മികച്ച കളക്ഷൻ നേടാൻ ശേഷിയുള്ള ജനപ്രിയ നായകന്മാരുടെ നിരയിലേക്കു സൂരി തന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു. സുഹാസ്, സത്യരാജ്, മഹിമ നമ്പ്യാർ എന്നിവരാണു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സൂപ്പർതാരങ്ങളായ രജനികാന്തും കമൽഹാസനും ചിത്രത്തെയും സൂരിയുടെ പ്രകടനത്തെയും അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. ചിത്രം കണ്ടശേഷം രജനികാന്ത് ഫോണിൽ വിളിച്ച് അഭിനന്ദിച്ച സന്തോഷവാർത്ത സൂരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കമലഹാസൻ ചിത്രത്തിനായി പ്രത്യേക സ്ക്രീനിംഗ് സംഘടിപ്പിക്കുകയും തിരക്കഥയെയും സംഭാഷണങ്ങളെയും പ്രശംസിക്കുകയും ചെയ്തിരുന്നു.
Tags : Entertainment KollywoodNews Mandaadi ActorSoori