എലിസബത്ത് ഷോട്ട്.
1947 ജനുവരി 15-ന് അമേരിക്കയിലെ ലോസ് ഏഞ്ചലസിൽ നടന്ന കൊലപാതകം. കൊല്ലപ്പെട്ടത് യുവനടി എലിസബത്ത് ഷോട്ട്. ഹോളിവുഡിന്റെ വെള്ളിവെളിച്ചത്തിൽ കറുത്ത അടയാളമായി ഇന്നും ആ 22-കാരിയുടെ മുഖമുണ്ട്. എൺപതു വർഷം പിന്നിടുമ്പോഴും കൊടും ക്രൂരനായ കൊലയാളിയെക്കുറിച്ച് ഒരു വിവരവുമില്ല. കൊലയ്ക്കുശേഷം തയാറാക്കിയ കത്തും എലിസബത്തിന്റെ വിവിധ വസ്തുക്കളും ഉൾപ്പെടെ പ്രമുഖ പത്രത്തിന്റെ ഓഫിസിലേക്ക് തപാലിലൂടെ അയച്ചുകൊടുത്ത അതിസമർഥനായ കൊലയാളി ആരാണ്? ലോകത്ത് ഏറ്റവും ആസൂത്രിതമായി നടത്തിയ കൊലപാതകം ഇന്നും കുറ്റാന്വേഷകർക്കു പ്രഹേളികയായി തുടരുന്നു.
1947 ജനുവരി 15
അന്നത്തെ പ്രഭാതത്തിൽ, ഒഴിഞ്ഞ പറമ്പിലൂടെ തന്റെ മകളുമൊത്തു നടന്നുപോയ സ്ത്രീയാണു മൃതദേഹം ആദ്യം കണ്ടത്. ദൂരെനിന്നു നോക്കിയപ്പോൾ തുണിപ്പാവയോ കടലാസ് കഷണങ്ങളോ ആയിരിക്കാം അതെന്നാണ് അവർ കരുതിയത്. എന്നാൽ അടുത്തെത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. നടുവേ മുറിച്ചു രണ്ടു കഷണമാക്കപ്പെട്ട നിലയിൽ ഒരു യുവതിയുടെ മൃതശരീരം.
അമേരിക്കൻ ചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരവും നിഗൂഢവുമായ ഒരു അധ്യായത്തിന്റെ തുടക്കമായിരുന്നു അത്! ലോകമെന്പാടുമുള്ള മാധ്യമങ്ങൾ 'ബ്ലാക്ക് ഡാലിയ' കൊലപാതകം എന്നു വിശേഷിപ്പിക്കപ്പെട്ട ആ സംഭവം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
പൊലീസിനെ നടുക്കടലിലാക്കിയ അന്വേഷണം
കേസ് അന്വേഷിച്ച ലോസ് ഏഞ്ചലസ് പൊലിസിനു തുടക്കം മുതൽതന്നെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നു. ആയിരക്കണക്കിന് ആളുകളെ ചോദ്യം ചെയ്തു, നൂറുകണക്കിനു പേരെ സംശയമുനയിൽ നിർത്തി. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവം അന്വേഷണത്തെ വഴിമുട്ടിക്കുകയായിരുന്നു.
ഇതിനിടയിൽ മാധ്യമങ്ങൾക്കു ലഭിച്ച ചില കത്തുകളും സന്ദേശങ്ങളുമാണു കേസിനു കൂടുതൽ നിഗൂഢത നൽകിയത്. കൊലപാതകിയുടേതെന്ന് അവകാശപ്പെടുന്ന കത്തുകൾക്കൊപ്പം എലിസബത്തിന്റെ ജനന സർട്ടിഫിക്കറ്റ്, ചിത്രങ്ങൾ, വിലാസങ്ങൾ എഴുതിയ നോട്ട്ബുക്ക്, വ്യക്തിഗത സാധനങ്ങൾ എന്നിവ മാധ്യമസ്ഥാപനങ്ങൾക്കു തപാലിൽ ലഭിച്ചു. എലിസബത്തിന്റെ വസ്തുവകകൾ പൂർണമായും അണുനാശിനി ഉപയോഗിച്ച് കഴുകി വിരലടയാളങ്ങൾ മായ്ച്ച ശേഷമാണു മാധ്യമങ്ങൾക്ക് അയച്ചത്. ഇതു കൊലപാതകിയുടെ ആസൂത്രണ മികവിലേക്കു വിരൽ ചൂണ്ടുന്നു.

വിചിത്രമായ വെളിപ്പെടുത്തലുകൾ
കാലങ്ങൾ കടന്നുപോകുന്തോറും കേസിന്റെ വ്യാപ്തി വർധിച്ചു. നൂറിലധികം ആളുകൾ കൊലപാതകക്കുറ്റം ഏറ്റെടുത്തു പൊലിസിന്റെ മുന്നിലെത്തി. എന്നാൽ അന്വേഷണത്തിൽ ഭൂരിഭാഗവും ശ്രദ്ധ പിടിച്ചുപറ്റാനുള്ള വ്യാജ അവകാശവാദങ്ങളാണെന്നു തെളിഞ്ഞു. സംശയിക്കപ്പെട്ടവരുടെ പട്ടികയിൽ പ്രമുഖ ഡോക്ടർമാർ, വ്യവസായികൾ, എലിസബത്തിന്റെ സുഹൃത്തുക്കൾ എന്നിവരുണ്ടായിരുന്നു. മുൻ പൊലിസ് ഉദ്യോഗസ്ഥനായ സ്റ്റീവ് ഹോഡൽ, തന്റെ സ്വന്തം പിതാവായ ഡോ. ജോർജ് ഹോഡലാണു കൊലപാതകത്തിനു പിന്നിലെന്ന് ആരോപിച്ചതും അതുമായി ബന്ധപ്പെട്ടു പുസ്തകമെഴുതിയതും വലിയ വാർത്തയായിരുന്നു. എന്നാൽ അപ്പോഴും നിയമത്തിനു മുന്നിൽ സമർപ്പിക്കാൻ തക്കതായ തെളിവുകൾ പൊലിസിനു ലഭിച്ചില്ല.
ചുരുളഴിയാത്ത നിഗൂഢത
എലിസബത്തിന്റെ കറുത്ത വസ്ത്രധാരണ രീതിയും പ്രകൃതവും മുൻനിർത്തി മാധ്യമങ്ങൾ അവൾക്കു നൽകിയ പേരായിരുന്നു 'ബ്ലാക്ക് ഡാലിയ'. എൺപതു വർഷം പിന്നിടുമ്പോഴും 'ബ്ലാക്ക് ഡാലിയ' എന്ന പേരു ലോകമെമ്പാടുമുള്ള ക്രൈം ഇൻവെസ്റ്റിഗേറ്റർമാർക്കിടയിലും ജനങ്ങൾക്കിടയിലും ഭയമുണർത്തുന്നു. ഹോളിവുഡ് ചിത്രങ്ങൾക്കും ജനപ്രിയ നോവലുകൾക്കും ഈ സംഭവം പ്രമേയമായിട്ടുണ്ട്. സാങ്കേതികവിദ്യയും ഫോറൻസിക് ശാസ്ത്രവും ഏറെ മുന്നേറിയ ഇക്കാലത്തും 1947-ൽ നടന്ന കൊലപാതകത്തിന്റെ ഒരു തുന്പു പോലും കണ്ടെത്താൻ ലോകത്തിലെ ഏറ്റവും വലിയ അന്വേഷണ ഏജൻസികൾക്കു പോലും സാധിച്ചിട്ടില്ല. എലിസബത്ത് ഷോട്ടിനു നീതി ലഭിച്ചില്ലെങ്കിലും, സിനിമയുടെ മാസ്മരിക ലോകത്തിലേക്കു കടന്നുവന്ന്, ദാരുണമായി ഒടുങ്ങേണ്ടിവന്ന ആ യുവനടിയുടെ കഥ ഇന്നും അമേരിക്കൻ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായി അവശേഷിക്കുന്നു!
Tags : HollywoodNews BlackDahliaMurderCase Elizabeth Short USPolice