ഹക്കിം ഷാ ഭാര്യ സന അൽത്താഫിനൊപ്പം
തന്നെയും സഹോദരങ്ങളെയും നോക്കാനായി ചെറുപ്പത്തിൽ ഉമ്മ കഷ്ടപ്പെട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഹക്കീം ഷാജഹാന്. ഉപ്പ ഗൾഫിൽ ഒരു വീട്ടിലെ ഡ്രൈവറായിരുന്നുവെന്നും കാര്യമായ വരുമാനമില്ലായിരുന്നുവെന്നും ഹക്കിം തുറന്നു പറഞ്ഞു.
ജനലിന് പാളികൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റിക്ക് ഷീറ്റാണ് അടിച്ചിരുന്നതെന്നും ഉപ്പ വീട്ടിൽ ഇല്ലാത്തതിനാൽ കട്ടിലിനടിയിൽ വാക്കത്തി വച്ചാണ് ഉമ്മ കിടന്നുറങ്ങിയതെന്നും അദ്ദേഹം പറയുന്നു.
ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹക്കീം ഷാജഹാന്.
''ഞങ്ങളെ നോക്കാന്‍ ഉമ്മ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനൊരു കുടുംബ പശ്ചാത്തലമായിരുന്നു. വാപ്പ സൗദി അറേബ്യയില്‍ ഡ്രൈവറായിരുന്നു. ഒരു വീട്ടിലെ ഡ്രൈവറായിരുന്നു. അത്ര വലിയ ശമ്പളമൊന്നുമില്ല. നാട്ടിലേക്ക് മാസം മാസം അയക്കാനൊന്നും ഉണ്ടാകില്ല.
മൂന്ന് മക്കളുണ്ട്. മൂന്ന് പേരേയും വളര്‍ത്തിയെടുക്കാന്‍ പുള്ളിക്കാരിയ്ക്കുണ്ടായിരുന്ന കഷ്ടപ്പാടുണ്ട്. ഒരു വീട്ടില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് മൂന്ന് പിള്ളേരെ വളര്‍ത്തുന്നത് വലിയ കഷ്ടപ്പാടായിരുന്നു.
ഞാനായിരുന്നു ഏറ്റവും വലിയ അലമ്പന്. ഞാന്‍ ഒപ്പിക്കാത്ത വള്ളികളില്ല. എന്റെ കൈ ഒടിയും, കാലൊടിയും. എന്റെ ശരീരത്തില്‍ ഒടിയാത്ത സ്ഥലങ്ങളില്ല. ഒരാളെ തന്നെ പാടാണ്. അതുപോലെ മൂന്നെണ്ണമാണുള്ളത്. പുള്ളിക്കാരിയുടെ കഷ്ടപ്പാടും, ജീവിതവുമുണ്ട്. ഞങ്ങള്‍ വീട് മാറി, ഒരു ചെറിയ വീട് തട്ടിക്കൂട്ടിയിരുന്നു.
ജനലിന് പാളികളില്ലായിരുന്നു. റബ്ബര്‍ വെട്ടുന്നതിന് കെട്ടുന്ന ഷീറ്റായിരുന്നു അടിച്ചിരുന്നത്. രാത്രി ഉമ്മ കിടന്നുറങ്ങിയത് കിടക്കയുടെ അടിയിലൊരു വാക്കത്തി വച്ചിട്ടാണ്.
ആ സ്ട്രെസ് ഒന്ന് ഊഹിച്ചു നോക്കൂ. വാതിലില്‍ ആരെങ്കിലും മുട്ടിയാല്‍ ഇതെടുക്കാന്‍ പാകത്തിനാണ് കിടക്കുന്നത്. ആ ധൈര്യം, ആ ജീവിതം ഒക്കെ ആലോചിക്കുമ്പോള്‍ സമ്മതിച്ചു കൊടുത്തേ പറ്റൂവെന്ന് ചിന്തിക്കാറുണ്ട്.
ഞങ്ങളെ വളര്‍ത്താന്‍ അവര്‍ക്കുണ്ടായ കഷ്ടപ്പാട് മുഴുവന്‍ ഞാന്‍ കണ്ടിട്ടുണ്ട്. മൂത്ത കുട്ടി കൂടെയാണ്. ആറാം ക്ലാസില്‍ എന്നെ നവോദയയിലേക്ക് എഴുതിപ്പിച്ചു. തൊടുപുഴയിലേക്ക് എട്ടോ പത്തോ കിലോ മീറ്ററുണ്ട്. ദിവസവും കൊണ്ടുപോകും.
ഒരു പോയന്റ് കഴിഞ്ഞതോടെ ഞാന്‍ ഒറ്റയ്ക്കായി പോകുന്നതും വരുന്നതും. ബസ് വരുമ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന് കാത്തു നില്ക്കും. ആ ബസിന് കയറിയില്ലെങ്കില്‍ ഉമ്മയ്ക്ക് ടെന്‍ഷനാകും. ആറാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞ് കുട്ടിയല്ലേ.
എന്റെ ജീവിതം മാറാന്‍ കാരണം ഉമ്മയാണ്. നവോദയില്‍ കിട്ടി. അവിടെ വച്ച് ആളുകളെ കാണാനും കുറേ കൂടി എക്സ്പോഷര്‍ കിട്ടാനും മെച്ചപ്പെട്ട വിദ്യാഭ്യാസം കാരണമായി. ഇല്ലെങ്കില്‍ ഞാന്‍ നാട്ടിലൊക്കെ നടക്കുന്ന, കുറച്ച് കഴിയുമ്പോള്‍ ദുബായിലൊക്കെ പോയി ജോലി ചെയ്യുന്ന ആളായി മാറിയേനെ. നവോദയില്‍ പോയതിനാലാണ് എന്നിലെ ആക്ടറെ തിരിച്ചറിയാനായത്. അവിടുത്തെ സ്റ്റേജും തിയേറ്ററുമൊക്കെ ഉപയോഗിക്കാന്‍ പറ്റി''.
Tags : Hakkim Shah sana althaf Hakkim interview cinema