'യേഴു കടൽ യേഴു മലൈ' എന്ന ചിത്രത്തിൽ നിവിൻ പോളി
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രം 'യേഴ് കടൽ യേഴ് മലൈ' ഒക്ടോബർ ഒന്നിന് തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. റിലീസിനായി രണ്ടര വർഷത്തോളമാണ് സിനിമ പ്രേക്ഷകർ കാത്തിരുന്നത്. അഞ്ജലിയും സൂരിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യദിന കളക്ഷൻ 60.63 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്.
തിയറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ നിരവധി പ്രമുഖ ചലച്ചിത്രോത്സവങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 2024 മെയ് 15 ന് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രീമിയർ ചെയ്തു. 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഏകാംബരം. പേരൻപ്, തങ്കമീൻകൾ, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
തന്റെ ചിത്രങ്ങളിലൂടെ സംവിധാനത്തിൽ വ്യക്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളാണ് റാം. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഒരുക്കിയ 'പേരൻപ്' മലയാളികൾക്കിടയിലും വലിയ ചർച്ചയാവുകയും മമ്മൂട്ടിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായി മാറുകയും ചെയ്തിരുന്നു.
Tags : NivinPauly YezhuKadhalYezhuMalai FirstDayCollection