ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിലെ ആ ഇരുണ്ട വെളിച്ചത്തിൽ ഒരു പേര് മാത്രം ആവർത്തിച്ച് മുഴങ്ങുന്നുണ്ടായിരുന്നു. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്നായിരുന്നു അത്. പോൾ തോമസ് ആൻഡേഴ്സൺ അണിയിച്ചൊരുക്കിയ ഈ ചിത്രം 98-ാമത് ഓസ്കർ വേദിയിൽ നേടിത് ആറുപുരസ്കാരങ്ങളാണ്. ഓസ്കർ രാത്രിയുടെ അനിഷേധ്യ വിജയമായി 13 നാമനിർദ്ദേശങ്ങളുമായി എത്തിയ ഈ ചിത്രം മാറി.
മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സഹനടൻ, മികച്ച അവലംബിത തിരക്കഥ, മികച്ച കാസ്റ്റിംഗ്, മികച്ച എഡിറ്റിംഗ് തുടങ്ങി പ്രധാനപ്പെട്ട ആറ് വിഭാഗങ്ങളിൽ പുരസ്കാരം നേടി ഈ ചിത്രം.
പതിമൂന്ന് തവണ നാമനിർദ്ദേശ പട്ടികയിൽ ഇടംപിടിച്ചിട്ടും കൈവിട്ടുപോയ ആ സ്വർണശിൽപം ഒടുവിൽ തന്റെ കൈകളിലെത്തിയപ്പോൾ സംവിധായകൻ പോൾ തോമസ് ആൻഡേഴ്സൺ വികാരാധീനനായി.
ഈ പോഡിയത്തിൽ എത്തുവാൻ ഞാൻ എടുത്ത ദൂരം വളരെ വലുതാണെന്നും വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെയും കാത്തിരിപ്പിന്റെയും ഫലമാണ് ഈ അംഗീകാരമെന്നും അദ്ദേഹം ഓർമ്മിച്ചു.
എന്താണ് ഈ ചിത്രം പറയുന്നത്
തോമസ് പിഞ്ചണിന്റെ വൈൻലാൻഡ് (Vineland) എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയതാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ.
ഒരു അഴിമതിക്കാരനായ സൈനിക ഉദ്യോഗസ്ഥന്റെ വേട്ടയാടലിൽ നിന്ന് രക്ഷപ്പെടാൻ തന്റെ പഴയ പോരാട്ട വീഥിയിലേക്ക് മടങ്ങുന്ന ഒരു മുൻ വിപ്ലവകാരിയുടെ കഥയാണിത്. ബോബ് എന്ന പേരുള്ള, ലഹരിയുടെയും ഭയത്തിന്റെയും നിഴലിൽ കഴിയുന്ന ഒരു മുൻ വിപ്ലവകാരി. ലോകത്തിന് മുന്നിൽ നിന്ന് ഒളിച്ച് തന്റെ മകൾ വില്ലയോടൊപ്പം കാടിനുള്ളിലായിരുന്നു അയാളുടെ താമസം.
എന്നാൽ ബോബിന്റെ പഴയ ശത്രു വീണ്ടും പ്രത്യക്ഷപ്പെടുകയും വില്ലയെ കാണാതാവുകയും ചെയ്യുന്നതോടെ അയാളുടെ ജീവിതം മാറിമറിയുന്നു. തന്റെ പഴയകാലത്തെ പാപങ്ങളെയും ശത്രുക്കളെയും നേരിട്ടുകൊണ്ട് മകളെ കണ്ടെത്താൻ ആ പിതാവ് നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം.
ലിയോനാർഡോ ഡികാപ്രിയോയുടെ തകർപ്പൻ പ്രകടനത്തോടൊപ്പം ഷോൺ പെൻ, ബെനിസിയോ ഡെൽ ടോറോ, റെജീന ഹാൾ തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം സിനിമയ്ക്ക് കരുത്തായി.
2000-കളുടെ തുടക്കം മുതൽ ഈ നോവൽ സിനിമയാക്കാൻ ആൻഡേഴ്സൺ ആഗ്രഹിച്ചിരുന്നു. തിരക്കഥയിൽ തന്റെ സ്വന്തം ജീവിതാനുഭവങ്ങൾ കൂടി അദ്ദേഹം കൂട്ടിച്ചേർത്തപ്പോൾ അതൊരു അപൂർവ സിനിമാനുഭവമായി മാറി.
സാങ്കേതിക മികവിന്റെ തിരിച്ചുപിടിക്കൽ
വിസ്റ്റാവിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാലിഫോർണിയയിൽ സിനിമ ചിത്രീകരിച്ചത്. 1960-കൾക്ക് ശേഷം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്.
130–175 മില്യൺ ഡോളർ ചിലവിൽ നിർമിച്ച ഈ ചിത്രം ആൻഡേഴ്സന്റെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള സിനിമയാണ്. ആഗോളതലത്തിൽ 209.6 മില്യൺ ഡോളർ കളക്ഷൻ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ തന്റെ മുൻ റിക്കാർഡുകളെല്ലാം ഈ ചിത്രം തിരുത്തിക്കുറിച്ചു.
Tags : Paul Thomas Anderson One Battle After Another oscar