രാം ചരൺ- ജാൻവി കപൂർ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തിയ 'പെദ്ധി' ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ഏഴ് ദിവസം കൊണ്ട് ചിത്രം നേടിയത് 271 കോടി രൂപയാണ്.
രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. അതിനിടെ നായികയെ ഉപഭോഗവസ്തുവായി ചിത്രീകരിച്ചുവെന്ന് സംവിധായകനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി നടിമാര്‍ സിനിമയിലെ നായികയെ ചിത്രീകരിച്ചതിനെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ നെറ്റ് കളക്ഷൻ 187.31 കോടി രൂപയാണ്. ഇന്ത്യക്കു പുറമേ വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്നാട്ടിലും പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമിച്ചത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിംഗ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് ആദ്യ ദിനം ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ഹൈലൈറ്റ് രാം ചരണിന്റെ ഗംഭീര പ്രകടനമാണ്. ചിത്രത്തിനായി ശാരീരിക പരിവർത്തനം നടത്തിയ രാം ചരൺ, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പെദ്ധിയിലൂടെ നല്‍കിയിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാം ചരൺ-ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്.
എ. ആർ. റഹ്മാൻ ഒരുക്കിയ സംഗീതവും വലിയ കയ്യടി നേടുന്നുണ്ട്. മെഗാ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, ത്രിൽ, റൊമാൻസ്, വൈകാരിക നിമിഷങ്ങൾ എന്നിവക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി എന്നിവക്കും സ്ഥാനം ഉണ്ട്. ജാൻവി കപൂർ, ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്.
Tags : Peddi first week crore